Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മടവൂർപാറ പരിസ്ഥിതി സൗഹൃദ പാർക്കിന്റെ രണ്ടാംഘട്ടവികസനത്തിനു പദ്ധതി വരുന്നു

സാഹസികത ഇഷ്ടപ്പെടുന്നവരെക്കൂടി ആകർഷിക്കുന്നതിനായി കാട്ടായിക്കോണം മടവൂർപാറ പരിസ്ഥിതി സൗഹൃദ പാർക്കിന്റെ രണ്ടാംഘട്ടവികസനത്തിനു പദ്ധതി വരുന്നു. ഇതിനായി ഏഴുകോടി ചെലവഴിക്കാൻ ഭരണാനുമതിയായി. ജിറ്റ്പാക്കാണ് രൂപരേഖ തയാറാക്കുന്നത്. ഊരാളുങ്കൽ സർവീസ് സഹകരണ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. അടുത്തമാസം നിർമാണോദ്ഘാടനം നടക്കും. രണ്ട് പാറമടകൾ കൂടി ഉൾപ്പെടുത്തി 22 ഏക്കർ സ്ഥലത്താണ് പരിസ്ഥിതിക്കു കോട്ടംതട്ടാതെയുള്ള വികസനം നടക്കുക. 



വാഹന പാർക്കിങ് സൗകര്യമില്ലെന്നതാണു നിലവിൽ സന്ദർശകരെ അലട്ടുന്ന പ്രധാന പ്രശ്നം . അതിനാൽ ഇപ്പോഴുള്ള കവാടത്തിനു സമീപം മുപ്പതു സെന്റ് വസ്തു കണ്ടെത്തി പാർക്കിങ് സൗകര്യം ഉണ്ടാക്കുന്നതിനും ഇവിടെ ടോയ്‌ലറ്റ് ബ്ലോക്കും അമിനിറ്റി സെന്ററും നിർമിക്കുന്നതിനും ആലോചനയുണ്ട്. രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ പാറമടകൾക്കു സമീപത്തായി ഒരു പ്രവേശന കവാടം കൂടിയുണ്ടാകും.

പാറക്കുളത്തിന്റെ മധ്യത്തിൽ വാട്ടർ ഫൗണ്ടൻ, ഒഴുകി നടക്കുന്ന കോട്ടേജുകൾ കൂടാതെ പാലവും ഉണ്ടാകും. ഇതോടൊപ്പം അമിനിറ്റി സെന്റർ, റസ്റ്ററന്റുകൾ എന്നിവയും ഉണ്ടാകും. ഇവിടെ നിന്നും കല്ലുകൾ പാകിയ പടിക്കെട്ടുകളിലൂടെ നടന്നു നിലവിലെ പാർക്കിലെത്താൻ കഴിയുന്ന തരത്തിലാകും നിർമാണം. പാറയിലിരുന്നു പരിപാടികൾ കാണാവുന്ന തരത്തിൽ നിലവിലെ പാർക്കിനു സമീപത്തു തുറന്ന വേദിയും ഇതിനു സമീപത്തായി കഫെറ്റേരിയയുമുണ്ടാകും.

കൽ ഇരിപ്പിടങ്ങൾ, പാറയുടെ ഏറ്റവും മുകളിലെത്താനായി 101 മീറ്റർ നീളമുള്ള മുളപ്പാലത്തിനു സമീപം കോട്ടേജുകൾ, പാറമുകളിൽ യോഗസെന്റർ, സൂര്യഘടികാരം, ഹരിതകുടിലുകൾ എന്നിവ നിർമിക്കാനും പദ്ധതിയിടുന്നു. ഗുഹാ ക്ഷേത്രത്തിലേക്കു കഷടിച്ച് ഒരാൾക്കു കടന്നുപോകാവുന്ന പടികളിലൂടെയാണ് കയറുന്നതും ഇറങ്ങുന്നതും. 

അതിനാൽ തിരിച്ചിറങ്ങുന്നതിനായും പടികൾ നിർമിക്കുന്നുണ്ട്. പാറയ്ക്കു കേടുപാടുണ്ടാകാത്ത തരത്തിൽ കാസ്റ്റ് അയൺ ഉപയോഗിച്ചാകും നിർമാണം. ഒരു വർഷം മുൻപ് 1.20 കോടി ചെലവാക്കി പരിസ്ഥിതി സൗഹൃദ പാർക്ക് മോടി പിടിപ്പിച്ചിരുന്നു. ഓലക്കൂടാരങ്ങൾ, മുളപ്പാലം, കുട്ടികളുടെ പാർക്ക് തുടങ്ങിയവയാണ് ഇപ്പോൾ ഇവിടെയുള്ളത്. സമുദ്രനിരപ്പിൽ നിന്നും മൂന്നൂറടി ഉയരത്തിലുള്ള മടവൂർപാറയിൽ ഇപ്പോഴും സന്ദർശക തിരക്കുണ്ട്.

Post a Comment

0 Comments