ഉഴമലയ്ക്കൽ: രണ്ടുവയസ്സുകാരി മകളുമായി കരമനയാറ്റിൽ ചാടിയ മാതാവിന്റെ മൃതദേഹം കണ്ടെത്തി. മകൾക്കായി ഇന്നും തിരച്ചിൽ തുടരും. അര കിലോമീറ്റർ അകലെ കാരനാട് പമ്പ്ഹൗസിനു സമീപത്തുനിന്നാണു രണ്ടാം ദിനത്തിൽ വൈകിട്ട് അഞ്ചോടെ മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് അഗ്നിശമന സേന, സ്കൂബാ ടീം, നാട്ടുകാർ എന്നിവരാണ് ഇന്നലെ തിരച്ചിലിനിറങ്ങിയത്. മരങ്ങാട് കത്തിക്കാംപാറ കാവുംമൂലവീട്ടിൽ ശീതൾ(22) ആണു മകൾ നിയ(രണ്ട്)യുമായി എലിയാവൂർ പാലത്തിൽനിന്നു പുഴയിൽ ചാടിയത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണു സംഭവം.
നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ആദ്യദിവസം തിരച്ചിലിനിറങ്ങി. കനത്ത മഴയും പേപ്പാറ ഡാം തുറന്നതും മൂലം നിറഞ്ഞൊഴുകുന്ന പുഴയിൽ മണിക്കൂറുകൾ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ശനി രാത്രി നിർത്തിവച്ച തിരച്ചിൽ ഇന്നലെ രാവിലെ ആരംഭിച്ചതു മുങ്ങൽ വിദഗ്ധരായ സ്കൂബ ടീമിനൊപ്പമാണ്. രണ്ടു റബർ ടിങ്കി ബോട്ടിലായിരുന്നു തിരച്ചിൽ. പാലത്തിൽനിന്നു നാലു കിലോമീറ്റർ അകലെയുള്ള കൂവക്കുടി വരെ തിരച്ചിൽ നടത്തിയിട്ടും കിട്ടിയില്ല. ഒടുവിലാണു പമ്പ്ഹൗസിനു സമീപത്തുനിന്നു നാട്ടുകാർ ശീതളിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, ഫയർഫോഴ്സും സ്കൂബ ടീമും ചേർന്നു കരയ്ക്കെത്തിച്ച മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപ്രത്രി മോർച്ചറിയിലേക്കു മാറ്റി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.