വെള്ളനാട്: സ്കൂൾ അധികൃതരുടെ പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നു കത്തെഴുതി വച്ച് ആത്മഹത്യാശ്രമം നടത്തിയ പ്ലസ് ടു വിദ്യാർഥിനി മെഡിക്കൽ കോളജ് ആശുപത്രിയിൽ. വെളളിയാഴ്ച വൈകിട്ട് അഞ്ചോടെയാണു സംഭവം. വീട്ടിലെ കുളിമുറിയിൽ വച്ച് കുട്ടി കയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു. വെള്ളനാട് സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് ആശുപത്രിയിലായത്.
കഴിഞ്ഞ എട്ടിന്, വെള്ളയ്ക്കു പകരം കറുത്ത ഷൂ ധരിച്ചെന്നാരോപിച്ചു വിദ്യാർഥിനിയെ അധ്യാപിക അടിച്ചിരുന്നു. തുടർന്ന്, പിതാവ് നെടുമങ്ങാട് ഡിവൈഎസ്പിക്കു പരാതി നൽകി. അടുത്തദിവസം ആര്യനാട് എസ്ഐ ഇരുവിഭാഗത്തെയും വിളിച്ചു ചർച്ച ചെയ്തു പ്രശ്നം പരിഹരിച്ചു. 13ന് ഉച്ചയ്ക്കു ശേഷം അധ്യാപകരുടെയും വിദ്യാർഥികളുയുടെയും മുൻപിൽ വച്ച് കുട്ടിയോടു മോശമായി സ്കൂൾ അധികൃതർ പെരുമാറിയതായി പിതാവ് പറഞ്ഞു.
വെള്ളിയാഴ്ച ക്ലാസിൽ കയറ്റിയതുമില്ല.തുടർന്ന്, ചേച്ചിയോടൊപ്പം എത്തിയ കുട്ടി വീട്ടിലേക്കു മടങ്ങുകയും തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവച്ചു ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയോടു രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരണമെന്നാണു പറഞ്ഞതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സംഭവത്തിൽ കേസ് എടുക്കുമെന്ന് ആര്യനാട് എസ്ഐ അജീഷ് പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.