ഉഴമലയ്ക്കൽ: സിപിഎം ഭരിക്കുന്ന ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു നേരെ ആക്രമണം. കാറിനും വീടിന്റെ ജനൽ ചില്ലുകൾക്കും നാശം. പഞ്ചായത്ത് പ്രസിഡന്റ്, കുളപ്പട മദീന മൻസിലിൽ എ.റഹീമി(40)ന്റെ വീടിനാണു നാശനഷ്ടമുണ്ടായത്. വെള്ളി രാത്രി പതിനൊന്നേമുക്കാലോടെ വീടിന്റെ മുൻവശത്തു പടിക്കെട്ടിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന തടിക്കഷ്ണങ്ങൾ അഞ്ജാതർ കത്തിച്ചു. ഇതിൽനിന്നു കാറിലേക്കു തീ പടർന്നു.
ഇതോടെ, വീടിനു മുൻവശം അഗ്നിയായി. തുടർന്നാണു രണ്ടാംനിലയിലെ ജനൽ ചില്ലുകൾക്കു നേരെ കല്ലേറുണ്ടായത്. രണ്ടു ജനലിന്റെ ചില്ലുകൾ തകർന്നു. വീടിനു മുന്നിൽ പുക നിറഞ്ഞു. ഉള്ളിലേക്കും കടന്നതോടെ ഉള്ളിലുള്ളർക്കു ശ്വാസതടസം അനുഭവപ്പെട്ടു.
നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ തീയണച്ചു. കാറും മാറ്റിയതോടെ ദുരന്തം ഒഴിവായി. റഹീം പഞ്ചായത്ത് പ്രസിഡന്റുമാരുടെ പരിശീലന പരിപാടിക്കായി തൃശൂരായിരുന്നു. റഹീമിന്റെ മാതാവ് നൂർജഹാൻ, ഭാര്യ നസീഹ, രണ്ടു മക്കൾ എന്നിവരാണു വീട്ടിലുണ്ടായിരുന്നത്. ഗേറ്റ് പൂട്ടിയാണു രാത്രിയിൽ വീട്ടുകാർ ഉറങ്ങാൻ കിടന്നത്. ആര്യനാട് പൊലീസ് കേസെടുത്തു. വിരലടയാള, സയന്റിഫിക് വിദഗധർ പരിശോധന നടത്തി.ഒരു വർഷം മുൻപ് റഹീമിന്റെ വീടിന് നേരെ അജ്ഞാതർ കല്ലേറ് നടത്തിയിരുന്നു.
ആക്രമണത്തിനു പിന്നിൽ
കുളപ്പട ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെയും എലിയാവൂരിലെ സിപിഐയുടെയും ഫ്ലെക്സ് ബോർഡുകൾ വെള്ളിയാഴ്ച രാത്രിയിൽ നശിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ ഫ്ലെക്സ് ബോർഡ് ബൈക്കിലെത്തിയ രണ്ടുപേർ കേടാക്കുന്നതു സമീപവാസിയുടെ ശ്രദ്ധയിൽപെട്ടിരുന്നു. വെള്ളി രാത്രി 12ന് ആയിരുന്നു സംഭവം.
രണ്ടും അടുത്തടുത്ത സമയമായതിനാൽ എ.റഹീമിന്റെ വീട്ടിൽ ആക്രമണം നടത്തിയതിനു പിന്നിലും ഇവരായിരിക്കുമെന്നാണു പൊലീസ് നിഗമനം. എലിയാവൂരിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കും. അന്വേഷണത്തിൽ മാത്രമേ അക്രമികളെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്ന് എസ്ഐ അജീഷ് പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.