തിരുവനന്തപുരം: ഏഴാംതീയതി കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ വെടിക്കെട്ടു നടക്കുമെന്ന് ഉറപ്പായി. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി20 മൽസരത്തിന് ഒരുക്കിയിരിക്കുന്നതു നല്ല ഉശിരൻ ബാറ്റിങ് പിച്ച്. കേരള താരങ്ങൾ തമ്മിൽ നടന്ന പരീക്ഷണ മൽസരത്തിൽ ഇരുടീമുകളും കൂടി അടിച്ചെടുത്തത് 300 റൺസ്. കേരളത്തിന്റെ 20–20 താരം ജാഫർ ജമാൽ ഒരു ഓവറിൽ അഞ്ചു സിക്സറുകളാണു പറത്തിയത്. അതേസമയം, ബോളർമാരെ തീരെ നിരാശപ്പെടുത്തന്നതുമല്ല പിച്ച്.
പിച്ചിന്റെയും ഫ്ലഡ്‌ലിറ്റിന്റെയും പരീക്ഷണം എന്ന നിലയിലാണു കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 20–20 മൽസരം സംഘടിപ്പിച്ചത്. കേരള താരങ്ങളായ റൈഫി വിൻസന്റ് ഗോമസിന്റെയും പി.പ്രശാന്തിന്റെയും നേതൃത്വത്തിലാണു ടീമുകൾ അണിനിരന്നത്. ആദ്യം ബാറ്റു ചെയ്ത റൈഫി ഇലവൻ 20 ഓവറിൽ 171 റൺസ് അടിച്ചുകൂട്ടി.
ജാഫർ ജമാൽ വെറും 20 പന്തിലാണു 54 റൺസ് നേടിയത്. ഒരു ഓവറിൽ അഞ്ചു സിക്സറുകളും ഒരു ഡബിളും സഹിതം 32 റൺസ്. വിനു മനോഹരനും അർധസെഞ്ചുറി നേടി. ഒരു ഓവറിൽ 8.5 റൺ നിരക്കു ലക്ഷ്യമിട്ടിറങ്ങിയ പ്രശാന്ത് ഇലവന് 129 റൺസ് മാത്രമേ എടുക്കാനായുള്ളൂ. അജിനാസും ക്യാപ്റ്റൻ പ്രശാന്തും മാത്രമേ ബാറ്റിങ്ങിൽ തിളങ്ങിയുള്ളൂ. റൈഫി ഇലവന് 42 റൺസ് വിജയം.
നാലു വിക്കറ്റുകളാണു രാജ്യാന്തരമൽസരത്തിനായി തയാറാക്കിയിട്ടുള്ളത്. നേരത്തെ കേരളവും ജാർഖണ്ഡും തമ്മിൽ നടന്ന രഞ്ജി ട്രോഫി മൽസരത്തിലും പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരുന്നു. അതേസമയം, സ്പിന്നർമാർക്കും പിച്ചിൽ നിന്നു വേണ്ടത്ര സഹായം കിട്ടി. ഇത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
വിക്കറ്റ് ഉന്നതനിലവാരമുള്ളതാണെന്നും ബൗൺസ് ഉള്ളതിനാൽ പന്ത് ബാറ്റിലേയ്ക്കെത്തുന്നുണ്ടെന്നും പി.പ്രശാന്ത് പറഞ്ഞു. സ്പിന്നർമാർക്കും മികച്ച പ്രകടനം നടത്താനാകും. സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലിറ്റും ലോകോത്തരനിലവാരം പുലർത്തുന്നതാണെന്നും പ്രശാന്ത് പറഞ്ഞു.
കടപ്പാട്: മലയാള മനോരമ


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.