ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന ടി20 മൽസരത്തിനു ശുചിത്വമാർഗരേഖയുമായി കോർപറേഷൻ. മൽസരത്തിനു പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂൾസ് പ്രകാരമുള്ള ഇപിആർ (എക്സറ്റന്റഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി) നടപ്പിലാക്കും. സുരക്ഷാ കാരണങ്ങളാൽ മത്സരം പൂർണമായി ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്താൻ കഴിയില്ല. എന്നാൽ പരമാവധി ഡിസ്‌പോസിബിൾ വസ്തുക്കൾ ഒഴിവാക്കി സീറോ വേസ്റ്റ് ആയി പരിപാടി സംഘടിപ്പിക്കുമെന്നു മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.
മത്സരവേദിയിൽ ഉണ്ടാകുന്ന അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ഉൽപാദകരെ ചുമതലപ്പെടുത്തുന്നതാണ് ഇപിആർ നിയമം. മത്സരവേദിയിലെ കുടിവെള്ള വിതരണത്തിനു പെപ്‌സികോ ഇന്ത്യയെയാണു ബിസിസിഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. മത്സരശേഷം വേദിയിലുണ്ടാകുന്ന പെറ്റ് ബോട്ടിലുകൾ പൂർണമായും ശേഖരിച്ചു റീസൈക്ലിങ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നു പെപ്‌സികോ അറിയിച്ചിട്ടുണ്ട്.
ഭക്ഷണവിതരണത്തിന്
പ്രകൃതി സൗഹൃദ പാക്കിങ്‍
ഭക്ഷണവിതരണത്തിനായി പ്രകൃതി സൗഹൃദ പാക്കിങ് സാമഗ്രികൾ ഉപയോഗിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മേയർ പറഞ്ഞു. ഇത്തരം പാക്കിങ് സാമഗ്രികൾ ലഭ്യമാക്കാൻ നഗരസഭ സൗകര്യമൊരുക്കിയിട്ടുണ്ട്. മത്സരവേദിയിലെ ശുചീകരണം, മാലിന്യ നിർമാർജനം എന്നിവ കോർപറേഷൻ ഏറ്റെടുത്തു നടപ്പിലാക്കും. ഇതിലേയ്‌ക്കുള്ള ചെലവ് കെസിഎ വഹിക്കും. ശുചീകരണ പരിപാടികൾക്കായി 100 തൊഴിലാളികളെയും 35 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.
മത്സരത്തിന്റെ പ്രചാരണ സാമഗ്രികൾ, ടിക്കറ്റ്, ഭക്ഷണ വിതരണം എന്നിവയുമായി ബന്ധപ്പെട്ടു ധാരാളം പേപ്പർ ഉപയോഗിക്കുന്നുണ്ട്. ഈ പേപ്പറിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്ന ജൈവസമ്പത്തിന്റെ കുറച്ചു ഭാഗമെങ്കിലും തിരികെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ടി ട്വന്റി ഫോർ ട്രീ ട്വന്റി എന്ന ക്യാംപെയ്ൻ സംഘടിപ്പിക്കും. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രകൃതി എന്ന പരിസ്ഥിതി സംഘടനയുടെ സഹകരണത്തോടെയാണ് ഈ ക്യാംപെയ്ൻ നടത്തുക. സ്പോർട്സ് ഹബ് സ്റ്റേഡിയത്തിനു സമീപവും ടെക്‌നോപാർക്കിലുമായി 20 വൃക്ഷത്തൈകൾ നട്ടാണു ക്യാംപെയ്നു തുടക്കം കുറിക്കുക.
Courtesy: Malayala Manorama


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.