വിതുര: പാലോട് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിലെ രചനാ മത്സരങ്ങൾ പൂർത്തിയായി. ഫലപ്രഖ്യാപനം നാളെയുണ്ടാകും. നാളെ രാവിലെ 9.30നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യുന്നതോടെ വേദികളുണരും. വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണ കുമാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടൻ എം.കെ.കിഷോർ മുഖ്യാതിഥിയാകും. ഏഴു വേദികളിലായി ആറായിരത്തോളം പ്രതിഭകളാണ് ഇക്കുറി കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
പ്രധാനവേദിയുൾപ്പെടെ മൂന്നു വേദികൾ വിതുര ഗവ. വിഎച്ച്എസ്എസിലും മൂന്നെണ്ണം ഗവ. യുപിഎസിലുമാണ്. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളാണു മറ്റൊരു വേദി. കമ്യൂണിറ്റി ഹാളിനോടു ചേർന്ന ഊട്ടുപുരയിലായിരിക്കും ഭക്ഷണം ഒരുക്കുന്നത്. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നു പബ്ലിസിറ്റി കൺവീനർ പി.ദീപു അറിയിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി നാളെ സാംസ്കാരിക ഘോഷയാത്രയും ഉണ്ടായിരിക്കും.
എസ്പിസി, എൻഎസ്എസ്, എൻസിസി, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ പ്രവർത്തകർ കലോത്സവം നിയന്ത്രിക്കും. ഇതു കൂടാതെ, വിതുര സ്കൂളിലെ വിദ്യാർഥികളും സ്വാഗതസംഘം തിരഞ്ഞെടുത്തവരും വൊളിന്റിയർമാരും അതിഥികൾക്കുവേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കും. കലോത്സവ നഗരിയിൽ ലഹരി ഉപഭോഗം, പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അലക്ഷ്യമായ വലിച്ചെറിയൽ എന്നിവ ഒഴിവാക്കാൻ നിർദേശമുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.