നെടുമങ്ങാട്: തിരുവനന്തപുരം തെങ്കാശി അന്തർസംസ്ഥാന പാതയിൽ നെടുമങ്ങാട് 11–ാം കല്ല് ജംക്‌ഷന് സമീപം റോഡിൽ അമിതമായി വെള്ളം കെട്ടി സുഗമമായ വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഏറെ വിഷമമുണ്ടാക്കുന്നതിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.അർജുനന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു. ഇതേത്തുടർന്നു പൊലീസ് സ്ഥലത്തെത്തി സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് പ്രവർത്തകർ പിൻതിരിയാൻ കൂട്ടാക്കിയില്ല.
ഇതിനിടെ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. ഇതിനകം നെടുമങ്ങാട് തഹസിൽദാർ എം.കെ.അനിൽകുമാർ, ഡിവൈഎസ്പി: പി.അനിൽകുമാർ എന്നിവരും എത്തി ഉപരോധക്കാരുമായി നടത്തിയ ചർച്ചയിൽ 11–ാം കല്ല് പെട്രോൾ പമ്പിന്റെ ഭാഗത്തുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റി ഓട വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാമെന്ന തഹസിദാറിന്റെ ഉറപ്പിനെ തുടർന്നാണ് ഒരു മണിക്കൂറോളം നീണ്ട ഉപരോധസമരം അവസാനിച്ചത്. കോൺഗ്രസ് നേതാക്കളായ എൻ.ബാജി, എസ്.അരുൺകുമാർ, എം.എസ്.ബിനു, എസ്.രവീന്ദ്രൻ, ഫാത്തിമ, മഹേഷ് ചന്ദ്രൻ, ഹാഷിം റഷീദ്, തറട്ടയിൽ ചന്ദ്രൻ, മന്നൂർക്കോണം സജ്ജാദ്, മന്നൂർക്കോണം താജ്, രാജശേഖരൻ എന്നിവരടക്കമുള്ളവരും പ്രവർത്തകരുമാണ് ഉപരോധത്തിൽ അണിനിരന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.