Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാറക്വാറി ക്രഷർ യൂണിറ്റിന് അനുമതി നൽകരുതെന്ന് പ്രദേശവാസികൾ

നെടുമങ്ങാട്: നഗരസഭ രണ്ടാം വാർഡിലെ നരിച്ചിപാറ പ്രദേശത്തു പുതുതായി പ്രവർത്തനം ആരംഭിക്കാൻ തുടങ്ങുന്ന പാറക്വാറി ക്രഷർ യൂണിറ്റിനെതിരെ പ്രതിഷേധവുമായി തദ്ദേശവാസികൾ. ക്രഷർ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി നരിച്ചിപ്പാറ പ്രദേശത്തെ പാറ ക്വാറിയിലേക്ക് ഇരിഞ്ചയം കുശർകോട്ട് നിന്നു റോഡിന്റെ പണി ആരംഭിച്ചതോടെയാണു തദ്ദേശവാസികൾ ക്രഷർ യൂണിറ്റിനെതിരെ സി.ദിവാകരൻ എംഎൽഎയ്ക്കു പരാതി നൽകിയത്. ആലുംകൂഴി, നരിച്ചിപ്പാറ പ്രദേശം കിള്ളിയാറിന്റെ പ്രധാന ജലസ്രോതസുകളിൽ ഒന്നാണ്.



ഇവിടത്തെ ക്വാറി കേന്ദ്രീകരിച്ചു ക്രഷർ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ ജലസ്രോതസുകൾ ഇല്ലാതാകുമെന്നും പരിസ്ഥിതി പ്രാധാന്യമുള്ള വളരെയേറെ ജീവികളുടേയും സസ്യങ്ങളുടേയും ആവാസസ്ഥാനമായ ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്തുന്ന കുന്നുകൾ ഇല്ലാതാകുന്നതു ഗുരുതര പാരിസ്ഥിതിക ആഘാതങ്ങൾക്കു കാരണമാകുമെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമേ ഇരിഞ്ചയത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ നിലവിൽ അഞ്ചിലധികം ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്നുണ്ട്.

നരിച്ചിപ്പാറ പ്രദേശത്ത് അധിവസിക്കുന്നതിൽ നല്ലെ‌ാരു വിഭാഗം പട്ടികജാതി പട്ടികവർഗ വിഭാഗക്കാരിൽ പെട്ടവരാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശത്തു പാരിസ്ഥിതിക ആഘാത പഠനത്തിനു പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ക്രഷർ യൂണിറ്റ് പ്രവർത്തനത്തിന് അനുമതി നൽകാതെ ഈ പ്രദേശത്തെ സംരക്ഷിക്കണമെന്നുമാണ് എംഎൽഎയ്ക്കു നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments