കാട്ടാക്കട: കെഎസ്ആർടിസി ഡിപ്പോ യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നു. അറുപതു ശതമാനം ജോലികൾ പൂർത്തിയായതായി ഇന്നലെ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. നാലാഴ്ചയാണു ജോലികൾ പൂർത്തിയാക്കാനുള്ള സമയം. രണ്ടാഴ്ചയായി ഡിപ്പോ അടച്ചിട്ടിരിക്കയാണ്. അവശേഷിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാകുമെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
ഐ.ബി.സതീഷ് എംഎൽഎകൂടി പങ്കെടുത്തു നടത്തിയ ഡിപ്പോ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രതിമാസ അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യമറിയിച്ചത്. യാർഡ് നവീകരണ ജോലികൾ സംബന്ധിച്ച് ഉദ്യോഗസ്ഥരും കരാറുകാരുമായി യോഗത്തിനെത്തിയ ഐ.ബി.സതീഷ് എംഎൽഎ ചർച്ച നടത്തി.
സമയബന്ധിതമായി പണി പൂർത്തിയാക്കാനാവുമെന്നും പ്രതീക്ഷിച്ചത്ര ദിവസം ഡിപ്പോ അടച്ചിടേണ്ടിവരില്ലെന്നും ഉദ്യോഗസ്ഥരും കരാറുകാരും എംഎൽഎയോടു വിശദീകരിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 77 ലക്ഷം രൂപ വിനിയോഗിച്ചാണു ഡിപ്പോ അങ്കണം ഇന്റർലോക്ക് ചെയ്ത് നവീകരിക്കുന്നത്.
ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതിൽ കൂടുതൽ കാലം നവീകരണത്തിന്റെ പേരിൽ ഡിപ്പോ അടച്ചിടാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു ജോലികൾക്കു മേൽനോട്ടം വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് എംഎൽഎ കർശന നിർദേശം നൽകി. ഡിപ്പോ അടച്ചിട്ടതോടെ വാണിജ്യ സമുച്ചയത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം നിലച്ചതായി സമുച്ചയത്തിലെ വ്യാപാരികൾ പരാതിപ്പെടുന്നു.
പ്രതിമാസം വാടകയിനത്തിൽ പതിനായിരങ്ങൾ നൽകുന്ന തങ്ങളെ, ഡിപ്പോ അടച്ചിട്ടകാലത്തെ വാടകയിൽനിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഡിപ്പോ അടച്ചിട്ടപ്പോൾ പട്ടണത്തിൽ പ്രതീക്ഷിച്ചത്ര ഗതാഗതക്കുരുക്ക് ഉണ്ടാകാത്തതാണ് ഏക ആശ്വാസം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.