Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കായലിന്റെ സൗന്ദര്യവും ഗ്രാമീണഭംഗിയും ആസ്വദിക്കണമെങ്കിൽ കഠിനംകുളത്തു വന്നാൽ മതി. എന്തിനു ആലപ്പുഴ പോകണം

കായലിന്റെ സൗന്ദര്യവും ഗ്രാമീണഭംഗിയും ആസ്വദിക്കണമെങ്കിൽ ആലപ്പുഴ പോകണമെന്നാണ് പൊതു ധാരണ. നൂറുകണക്കിന് ഹൗസ്‌ബോട്ടുകളാണ് അവിടെയുള്ളതും. പക്ഷേ, വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ ഇവിടത്തെ പരിസ്ഥിതിയെയും കായലിനെയും മലിനമാക്കുന്നു എന്നതും സത്യമാണ്. ഇപ്പോൾ സർക്കാർ കൊണ്ടുവന്ന പുതിയ വിനോദസഞ്ചാരനയം പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ളതാണ്. 



ഒരു മേഖലയിലേക്കുമാത്രം കേന്ദ്രീകരിക്കാതെ വിനോദസഞ്ചാരത്തെ കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാനുള്ള ശ്രമങ്ങളാണ് വകുപ്പ് ആരംഭിച്ചിട്ടുള്ളത്. ഇതിന്റെഭാഗമായി മലബാർ മേഖലയിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. അതായത് പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടെത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. തലസ്ഥാനനഗരത്തിനും ഇതുപോലെ സ്വന്തമായി ഒരു കായൽ മേഖലയുണ്ട്. ഇതിന്റെ അനന്തസാധ്യതകൾ വർഷങ്ങൾക്കുമുൻപേ തിരിച്ചറിഞ്ഞ ചില പ്രദേശവാസികളുണ്ട്. ഇവർ ഒറ്റയ്ക്ക് ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഇതെല്ലാം വിജയമായെന്ന് പറയാനാവില്ല. പക്ഷേ, ഇപ്പോൾ വിനോദസഞ്ചാരവകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നല്ല പദ്ധതികളുമായി രംഗത്തെത്തിയിട്ടുണ്ട്. 

ഷിക്കാര ബോട്ടുകളടക്കമുള്ളവ കഠിനംകുളം കായലിൽ സർവീസ് നടത്താനാണ് ആലോചിക്കുന്നത്. പക്ഷേ, ഒരുകാര്യംകൂടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു. പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കാത്ത, മാലിന്യങ്ങൾ സംസ്കരിക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങളെ ഇവിടെ നടപ്പാക്കാൻ അനുവദിക്കുകയുള്ളൂ. അത് സ്വകാര്യസംരംഭകരായാലും, സർക്കാർ സംവിധാനമായാലും. ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം ഇവിടത്തെ സാധ്യതകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അഞ്ചു പഞ്ചായത്തുകളിലെ പരമ്പരാഗത തൊഴിലാളികൾ അടക്കമുള്ളവർക്ക് നിരവധി വരുമാനമാർഗം തുറന്നുനൽകാൻ കഠിനംകുളം അഞ്ചുതെങ്ങ് കായൽ വിനോദസഞ്ചാര പദ്ധതിക്ക് കഴിയുമെന്ന് സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. 

കഠിനംകുളത്തുനിന്നും തുടങ്ങി പെരുമാതുറവഴി അഞ്ചുതെങ്ങ് കോട്ടയും, ലൈറ്റ് ഹൗസും, ആശാൻ സ്മാരകവും, പൊന്നുംതുരുത്തും വരെ നീളുന്ന ഒരു യാത്ര ഇപ്പോൾത്തന്നെ സാധ്യമാണ്. പഴയ ദേശീയ ജലപാതകൂടി യാഥാർഥ്യമായാൽ ഇതുനൽകുന്ന അനന്തസാധ്യതകൾ ചിന്തിക്കാനാവുന്നതിനും അപ്പുറമാണ്. വർക്കല ശിവഗിരി തുരപ്പിലൂടെയുള്ള യാത്ര വിനോദസഞ്ചാരികൾക്ക് മറ്റെങ്ങും ലഭിക്കാൻ സാധ്യതയില്ലാത്തതാണ്. എല്ലാവരും മുന്നോട്ടു വന്നെങ്കിലും ഈ പദ്ധതിക്ക് സമഗ്രമായ ഒരു രൂപരേഖയാണ് വേണ്ടത്. കുടുംബശ്രീ പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, കയർത്തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗത്തിനും പുതിയ വരുമാനമാർഗങ്ങൾ ഒരുക്കുന്ന ഒരു സമഗ്രപദ്ധതിയാണ് വേണ്ടത്.

കായൽ വള്ളങ്ങളിൽ മാത്രം ഇതവസാനിക്കാതിരിക്കാൻ ഉത്തരവാദിത്വ ടൂറിസവും സർക്കാർ പുതുതായി നടപ്പാക്കിയ ടൂറിസവും ഉൾപ്പെടുന്ന പാക്കേജ് നടപ്പാക്കണം. ഇതിന് കഴക്കൂട്ടം മണ്ഡലത്തിലെ ജനപ്രതിനിധികൂടിയായ വിനോദസഞ്ചാരവകുപ്പ് മന്ത്രിയും തൊട്ടടുത്ത മണ്ഡലത്തിലെ ജനപ്രതിനിധിയായ ഡെപ്യൂട്ടി സ്പീക്കർ വി.ശശിയും മുൻകൈയെടുക്കണം.

Post a Comment

0 Comments