Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

രാജ്യാന്തര ചലച്ചിത്രോത്സവം : പ്രാരംഭ പ്രവർത്തനങ്ങളിൽ കല്ലുകടി

തിരുവനന്തപുരം: അടുത്തമാസം നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ കല്ലുകടി. പാസിനായുള്ള റജിസ്ട്രേഷൻ നടപടികൾ നിശ്ചയിച്ച സമയത്തിനും മുൻപ് അവസാനിപ്പിക്കുന്ന സംഘാടകരായ ചലച്ചിത്ര അക്കാദമിയുടെ നിലപാടാണ് സിനിമാപ്രേമികളുടെ പ്രതിഷേധത്തിനു വഴി തെളിച്ചിട്ടുള്ളത്. 



ഡെലിഗേറ്റ് പാസുകളുടെ റജിസ്ട്രേഷൻ ആദ്യ നാലുമണിക്കൂറിനുള്ളിൽ അവസാനിപ്പിച്ച സംഘാടകർ മാധ്യമ റജിസ്ട്രേഷനിലും ഇതേ നില തുടരുന്നു. റജിസ്ട്രേഷനായി മൂന്നു ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഡെലിഗേറ്റുകൾക്കും മുന്നു ദിവസം അനുവദിച്ചുവെങ്കിലും ആദ്യദിനത്തിലെ നാലു മണിക്കൂർ കൊണ്ടു നടപടികൾ അവസാനിപ്പിച്ചു. റജിസ്ട്രേഷൻ പൂർത്തിയായതായി അറിയിച്ചായിരുന്നു നിർത്തിവയ്പ്. മാധ്യമപ്രവർത്തകരുടെ റജിസ്ട്രേഷൻ ബുധനാഴ്ചയാണ് ആരംഭിച്ചത് .

രാവിലെ പത്തിനു തുടങ്ങിയ റജിസ്ട്രേഷൻ ഉച്ചയ്ക്കു മുൻപു തന്നെ സംഘാടകർ അടച്ചുപൂട്ടി. മാധ്യമപ്രവർത്തകർക്ക് അനുവദിച്ച 500 പാസുകളുടെ റജിസ്ട്രേഷൻ അവസാനിച്ചതായി പ്രഖ്യാപിച്ചായിരുന്നു നിർത്തി വയ്ക്കൽ. ഇതു പ്രതിഷേധത്തിനു കാരണമായതോടെ വീണ്ടും ഉച്ച കഴിഞ്ഞു റജിസ്ട്രേഷൻ തുടങ്ങി ഏതാനും മണിക്കൂറുകൾ കൊണ്ട് അവസാനിപ്പിച്ചു.

ഇന്നലെയും സമാനമായ രീതിയിൽ പെട്ടെന്നു നിർത്തി. മാധ്യമപ്രവർത്തകരുടെ റജിസ്ട്രേഷൻ നിർത്തിവച്ചതിന്റെ കാരണം തിരക്കി വിളിച്ചവരോട് എല്ലാം ഓൺലൈൻ സംഘങ്ങൾ കയറി റജിസ്റ്റർ ചെയ്തുകളഞ്ഞുവെന്നും സ്ഥാപന മേധാവിയുടെ കത്തുമായി വന്നാൽ പാസ് നൽകാമെന്നും അറിയിച്ചു. 

സംഘാടകരുടെ തലതിരിഞ്ഞ നടപടികൾ മൂലം മുതിർന്ന മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇന്നും കൂടി അനുവദിച്ചിട്ടുള്ള റജിസ്ട്രേഷൻ നടപടികൾ മുഴുവൻ സമയവും പ്രവർത്തനം നടത്തിയാൽ ഒരുപരിധി വരെ പ്രശ്നപരിഹാരമാകും. അനുവദിച്ച സമയത്തിനു മുൻപ് നടപടികൾ അവസാനിപ്പിക്കുന്ന സംഘാടകരായ ചലച്ചിത്ര അക്കാദമിയുടെ തുഗ്ലക്ക് നടപടി ഡെലിഗേറ്റ് പാസുകളുടെ സമയത്ത് തന്നെ എതിർപ്പ് ഉണ്ടാക്കിയിരുന്നു.

മാധ്യമപ്രവർത്തകർക്ക് അനുവദിച്ചിട്ടുള്ള സമയത്തു മുഴുവൻ റജിസ്ട്രേഷൻ നടത്താൻ സാഹചര്യം ഒരുക്കുകയും അതിനു ശേഷം അതിൽ മതിയായ രേഖകൾ നൽകാത്തവരെ ഒഴിവാക്കിയാൽ പ്രശ്നപരിഹാരമാകും. ഇതിനു പകരം അനുവദിച്ചിട്ടുള്ള പാസുകൾ കഴിഞ്ഞാൽ നിർത്തിവയ്ക്കുമെന്നു പറയുന്ന നടപടി മേളയ്ക്കു തന്നെ നാണക്കേടാകുന്ന രീതിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. 

മുൻവർഷങ്ങളിൽ ഒന്നും ഇല്ലാതിരുന്ന പരിഷ്കാരങ്ങൾ നടത്തി ഡെലിഗേറ്റുകളെയും മാധ്യമപ്രവർത്തകരെയും ബുദ്ധിമുട്ടിലാക്കി മേളയെ ഇല്ലായ്മ ചെയ്യാൻ സംഘാടക സമിതി തന്നെ ശ്രമിക്കുകയാണോയെന്നു ചില ഭാഗത്തു നിന്നും സംശയം ഉയർന്നിട്ടുണ്ട്. ആശങ്കകൾ പരിഹരിക്കാനായി സാംസ്കാരിക മന്ത്രി എ.കെ.ബാലൻ തന്നെ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്

Post a Comment

0 Comments