ബോണക്കാട്: കുരിശുമലയിൽ വിശ്വാസികൾ സ്‌ഥാപിച്ച 10 അടി ഉയരമുള്ള തേക്കിൽ തീർത്ത മരക്കുരിശ് തകർന്ന നിലയിൽ കണ്ടെത്തി. കുരിശിന്റെ ചുവട്ടിൽ കരിമരുന്നും പശയും കണ്ടെത്തിയതായി നെയ്യാറ്റിൻകര രൂപതാ നേതൃത്വം അറിയിച്ചു. മൂന്നടി ഉയരമുള്ള ഭാഗം മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. കരിമരുന്നും പശയും കണ്ടെത്തിയ സ്‌ഥിതിയിൽ കുരിശു തകർത്തതാണെന്നാണു ലത്തീൻ സഭാ നെയ്യാറ്റിൻകര രൂപതയുടെ നിലപാട്.
കുരിശ് ഇടിമിന്നലേറ്റാകാം തകർന്നതെന്നു സ്ഥലം സന്ദർശിച്ച സെക്‌ഷൻ വനം ഓഫിസർ ജെ.സന്തോഷ് കുമാർ, ബീറ്റ് വനം ഓഫിസർ ബിനുകുമാർ എന്നിവരടങ്ങുന്ന സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. പുറത്തുനിന്ന് ആരും ഇവിടേക്കെത്തിയതു സംബന്ധിച്ചു തെളിവുകളൊന്നും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുരിശിന്റെ ബാക്കി ഭാഗം ചിതറിയ നിലയിലാണ്. ഇന്നു രാവിലെ ഒൻപതിനു നെയ്യാറ്റിൻകര ബിഷപ്സ് ഹൗസിൽ പ്രത്യേക യോഗം ചേരുമെന്നു രൂപതാ നേതൃത്വം അറിയിച്ചു.
ഇന്നലെ വിശ്വാസികളിൽ ചിലർ കുരിശുമലയുടെ നെറുകയിൽ എത്തിയപ്പോഴാണു കുരിശ് തകർന്ന നിലയിൽ കണ്ടെത്തിയത്. മുൻപുണ്ടായിരുന്ന കോൺക്രീറ്റ് കുരിശുകൾ അടക്കം തകർക്കപ്പെട്ടതിനെത്തുടർന്നു മന്ത്രിതല ചർച്ചയിലാണു മരക്കുരിശു സ്ഥാപിക്കാൻ തീരുമാനമായത്. ഓഗസ്റ്റ് 29നു വനം മന്ത്രി കെ.രാജുവുമായി മതമേലധ്യക്ഷന്മാർ നടത്തിയ ചർച്ചയുടെ അടിസ്‌ഥാനത്തിൽ 31നു സ്‌ഥാപിച്ച കുരിശാണ് ഇന്നലെ തകർന്ന നിലയിൽ കാണപ്പെട്ടത്.
ചർച്ചയ്ക്കുശേഷം സെപ്‌റ്റംബർ ഒന്നിനു കുരിശുമലയിൽ തൽസ്‌ഥിതി തുടരണമെന്ന കോടതി ഉത്തരവു വന്നിരുന്നു. ഇതിനെതിരെ നെയ്യാറ്റിൻകര ലത്തീൻ രൂപതയും കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണു പുതിയ സംഭവം. വിശ്വാസികൾ കുരിശുമലയിൽ പോകുന്നതു കോടതി വിലക്കിയിട്ടില്ലെങ്കിലും വനംവകുപ്പിന്റെ വിലക്കുണ്ട്.
കുരിശു തകർത്ത സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ രൂപതയുമായി ബന്ധപ്പെട്ടവർക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കാനും പരാതിയിന്മേൽ തീർപ്പു കൽപിക്കാനും നടപടിയില്ലെന്ന പരാതിയും രൂപതാ അധികൃതർക്കുണ്ട്. ഇതു നിലനിൽക്കെയാണു പുതിയ സംഭവം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.