വിതുര: ഐസർ മാനേജ്മെന്റ് തൊഴിലാളികളെ അകാരണമായി പിരിച്ചു വിടുന്നതിൽ പ്രതിഷേധിച്ചു സിപിഎം വിതുര ലോക്കൽ കമ്മിറ്റി പ്രവർത്തകർ ഐസർ കവാടം ഉപരോധിച്ചു. കരാർ കാലാവധി കഴിയും മുൻപേ അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിരിച്ചുവിടുന്നെന്നാണു പരാതി. നീക്കത്തിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ആരോപണമുണ്ട്. രാവിലെ ആറിനു തുടങ്ങിയ ഉപരോധം ഉച്ചയ്ക്കു 11.30 വരെ നീണ്ടു. അധ്യാപകരും വിദ്യാർഥികളുമൊഴികെയുള്ള ഉദ്യോഗസ്ഥരെ പ്രവർത്തകർ കവാടം കടന്നു പോകാൻ അനുവദിച്ചില്ല. കൊടി നാട്ടി കവാടത്തിനു മുന്നിൽ കുത്തിയിരുന്നായിരുന്നു ഉപരോധം.
തുടർന്നു പ്രവർത്തകരും ഐസർ റജിസ്ട്രാറും തമ്മിൽ ചർച്ച നടത്തി. തൊഴിലാളികളെ കാരണമില്ലാതെ പിരിച്ചു വിടില്ലെന്നു റജിസ്ട്രാർ ഉറപ്പു നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു. മാത്രമല്ല അമിത ജോലി ഭാരം കുറയ്ക്കാനും തൊഴിലാളികളുടെ എണ്ണം കൂട്ടാനും നടപടി സ്വീകരിക്കുമെന്നു റജിസ്ട്രാർ ഉറപ്പു നൽകിയതായി പ്രവർത്തകർ പറഞ്ഞു. സിപിഎം വിതുര ലോക്കൽ സെക്രട്ടറി എസ്.എൻ. അനിൽ കുമാർ, മുൻ സെക്രട്ടറി കെ.വിനീഷ് കുമാർ, സനിൽ കുമാർ, കെ.ടി. ബിനോയ്, ആർ.ഗോപൻ, അനിൽ കുമാർ, എൽ.മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.