Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആംബുലൻസ് പായുന്നതിനൊപ്പം ഇനി ട്രാഫിക് സിഗ്നലുകളും വഴി തുറന്നു കൊടുക്കും

ആ നിലവിളി ശബ്ദമിടോ.. എന്ന് മിന്നാരം സിനിമയിലെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തെപ്പോല ഇനി ആംബുലൻസ് ഡ്രൈവറോട് പറയേണ്ട. ആംബുലൻസ് പായുന്നതിനൊപ്പം ഇനി ട്രാഫിക് സിഗ്നലുകളും വഴി തുറന്നു കൊടുക്കും. 



ആംബുലൻസുകളുടെ യാത്രയ്ക്കു തടസ്സമുണ്ടാകാത്ത വിധം ട്രാഫിക് സിഗ്നൽ വിളക്കുകൾ പ്രകാശിക്കുന്ന സംവിധാനം, അസാപ് ഇഎം (asap em) ഒരുങ്ങിക്കഴിഞ്ഞു. യുവ ഡോക്ടർ തിരുവനന്തപുരം പൂവാർ സ്വദേശി ഡോ. ഡാനിഷ് സലിമാണ് ആംബുലൻസിനു വഴിയൊരുക്കുന്ന സിഗ്നൽ സംവിധാനത്തിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. 

സംസ്ഥാനത്തെ ആദ്യത്തെ ബൈക്ക് ആംബുലൻസ്, ആദ്യത്തെ റയിൽവേ എമർജൻസിറൂം, അപകടമുണ്ടാകുമ്പോൾ അറിയിപ്പു നൽകുന്ന ഓട്ടോമാറ്റിക് അലർട്ട് മെക്കാനിസം തുടങ്ങിയ കണ്ടുപിടിത്തങ്ങൾ നേരത്തെ ഇദ്ദേഹത്തിന്റെ ചിന്തയിൽ വിരിഞ്ഞിട്ടുണ്ട്. പത്തോളം കണ്ടുപിടിത്തങ്ങൾ പേറ്റന്റ് കാത്തുകിടക്കുന്നു.

അസാപ്പ് ഇഎം എന്നാൽ

ആക്സിഡന്റ് സ്മാർട്ട് അലർട്ട് പ്രോഗ്രാം– എമർജൻസി എന്ന പേരിൽ വികസിപ്പിച്ചെടുത്ത സംവിധാനം ആംബുലൻസുകളിലും നഗരങ്ങളിലെ ട്രാഫിക് സിഗ്നലുകളിലും സ്ഥാപിക്കും. ആംബുലൻസ് ട്രാഫിക് സിഗ്നലിന്റെ ഒരു കിലോമീറ്റർ പരിധിയിൽ കടന്നാൽ ആദ്യ സിഗ്നൽ ലഭിക്കും. തുടർന്ന് 500 മീറ്റർ പരിധിക്കുള്ളിൽ വരുന്നതോടെ കടന്നുപോകേണ്ട ദിശയിൽ പച്ച സിഗ്നൽ തെളിയും. ഇതേസമയം മറ്റ് വശങ്ങളിലുള്ള സിഗ്നലുകളെല്ലാം ചുവപ്പ് ആവുകയും ചെയ്യും.

ആംബുലൻസ് സിഗ്നൽ ലൈറ്റ് പിന്നിടുന്നതു വരെ ഇൗ നില തുടരുന്നതിനാൽ മുന്നിൽ എത്രവാഹനങ്ങൾ കുടുങ്ങിക്കിടന്നാലും കടന്നുപോകാൻ കഴിയും. രണ്ട് ആംബുലൻസുകൾ ഒരേസമയം എത്തിയാൽ ആദ്യമെത്തിയ ആംബുലൻസിന്റെ സിഗ്നലായിരിക്കും ആദ്യം പ്രവർത്തിക്കുക. തുടർന്നു രണ്ടാമത്തേതും. വളരെ കുറഞ്ഞചെലവിൽ പ്രവർത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തുക വഴി ആംബുലൻസ് ആശുപത്രിയിലെത്താൻ വൈകുന്നതു പരമാവധി ഒഴിവാക്കാൻ കഴിയും. കേരളത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും സർക്കാർ ഏജൻസികൾ അസാപ്പ് ഇഎം സംവിധാനം പരിശോധിച്ച് അനുകൂല മറുപടി നൽകിയിട്ടുണ്ട്.

അസാപ്പ് ഇഎമ്മിനു മുൻപേ കേരളത്തിലെ ആദ്യത്തെ ബൈക്ക് അംബുലൻസ് സംവിധാവുമായി ഡോ. ഡാനിഷ് സലിം ശ്രദ്ധേയനായിരുന്നു. ഗതാഗതത്തിരക്കു മറികടന്ന് രോഗിയെ നിശ്ചിത സമയത്തിനുള്ളിൽ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനമായിരുന്നു ബൈക്ക് അംബുലൻസ്നൂറിലേറെ ജീവൻരക്ഷാ ഉപകരണങ്ങൾ ചെറിയ ബാഗിനുള്ളിൽ ഉൾപ്പെടുത്തിയ എമർജൻസി ജംപ് കിറ്റും ഡാനിഷ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ ആശുപത്രികളിൽ എമർജൻസി ജംപ് കിറ്റ് ഉപയോഗിക്കുന്നുണ്ട്.

മംഗളൂരുവിൽ നിന്ന് എംബിബിഎസ് നേടിയ ഡാനിഷ് യുകെയിൽ പിജിയും പൂർത്തിയാക്കി. നിലവിൽ തിരുവനന്തപുരം പിആർഎസ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗം മേധാവിയായ ഡാനിഷിന് സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച എമൻജൻസി ഫിസിഷ്യനുള്ള അവാർഡ് 2016 ൽ ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments