Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

റോഡപകടങ്ങളിൽപെടുന്നവരുടെ 48 മണിക്കൂ‌ർ നേരത്തെ അടിയന്തര ചികിൽസാച്ചെലവു സംസ്ഥാന സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം:  റോഡപകടങ്ങളിൽപെടുന്നവരുടെ 48 മണിക്കൂ‌ർ നേരത്തെ അടിയന്തര ചികിൽസാച്ചെലവു സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇത്രയും സമയം രോഗിയിൽനിന്നോ, ബന്ധുക്കളിൽനിന്നോ പണം ഈടാക്കില്ല. സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിക്കുന്നതെങ്കിൽ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുള്ള ചെലവ് റോഡ് സുരക്ഷാ ഫണ്ടിൽനിന്നു നൽകും.



ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചാണു സൗജന്യ ചികിൽസ ഉറപ്പാക്കുന്നത്. സർക്കാരിനു ചെലവാകുന്ന തുക ഇൻഷുറൻസ് കമ്പനികളിൽനിന്നു സർക്കാരിനു ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ തയാറാക്കാൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തും.

റോഡപകടങ്ങളിൽപെടുന്നവർക്ക് അതിവേഗം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള ട്രോമ കെയർ പദ്ധതി ആവിഷ്കരിക്കാനും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.അപകടത്തിൽപെട്ട് ആശുപത്രിയിലെത്തുന്ന ആർക്കും ചികിത്സ നിഷേധിക്കാൻ പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

∙ കേരള റോഡ് സുരക്ഷാ ഫണ്ട്, കേരള സ്റ്റേറ്റ് ട്രാൻസ്പോർട് പ്രോജക്ടിന്റെ (കെഎസ്ടിപി) സാമൂഹിക ഉത്തരവാദിത്ത ഫണ്ട് എന്നിവയും സർക്കാരിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നത്. 

∙സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ട്രോമ കെയർ സജ്ജീകരണമുണ്ടാക്കും. 

∙അപകടത്തിൽപെടുന്നവരെ വേഗത്തിൽ സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പ്രത്യേക ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസുകളാണു തയാറാക്കുന്നത്. ഇതിനായി സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. 

∙പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്ന ജീവനക്കാർക്കു പരിശീലനം നൽകും. 

∙ആംബുലൻസ് ലഭ്യമാക്കുന്നതിനും ആശുപത്രികളെ തിരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ്‍വെയർ തയാറാക്കുന്നുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോൾ സെന്റർ തുറക്കും. 

സൗജന്യ ചികിൽസ രാജ്യത്ത് ആദ്യം 

അപകടത്തിൽപ്പെടുന്നവർക്കു സൗജന്യ ചികിൽസ ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന സുപ്രീം കോടതി വിധി ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമെന്ന പദവിയിലേക്കു കേരളം മാറും. പരമാനന്ദ ഖഠാരയും കേന്ദ്ര സർക്കാരും തമ്മിലുള്ള കേസിലാണ് 1988ലെ വിധി. ചെലവാകുന്ന തുക എങ്ങനെ സർക്കാരിനു തിരിച്ചുകിട്ടുമെന്ന ചോദ്യത്തിൽ തട്ടി സംസ്ഥാനങ്ങളൊന്നും വിധി നടപ്പാക്കിയില്ല. ഇൻഷുറൻസ് സംവിധാനത്തിലൂടെ പ്രതിസന്ധി മറികടക്കാമെന്ന വഴിയാണു കേരളം കണ്ടെത്തിയത്.

മുരുകന്റെ ഓർമയിൽ

കൊല്ലം ഇത്തിക്കരയിൽ വാഹനാപകടത്തിൽപ്പെട്ട തമിഴ്നാട് സ്വദേശി മുരുകൻ ചികിൽസ ലഭിക്കാതെ മരിച്ച സംഭവമാണു പുതിയ പദ്ധതി ആവിഷ്കരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

Post a Comment

0 Comments