Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെള്ളനാട്–ചെറ്റച്ചൽ റോഡിനായി പുറമ്പോക്ക് പൂർണമായി എടുക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനം

ആര്യനാട്: വെള്ളനാട്–ചെറ്റച്ചൽ റോഡിന്റെ നവീകരണത്തിനായി ആര്യനാട് പഞ്ചായത്തിൽ പുറമ്പോക്ക് പൂർണമായി എടുക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനം. കെ.എസ്.ശബരീനാഥൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണു സുപ്രധാന തീരുമാനമെടുത്തത്. പഞ്ചായത്തിൽ റോഡിനായി പുറമ്പോക്ക് ഏറ്റെടുത്തപ്പോൾ പക്ഷപാതം കാണിച്ചതായി നാട്ടുകാർക്കു വ്യാപക പരാതിയാണുള്ളത്. കയ്യേറ്റക്കാരെ സംരക്ഷിച്ചാണു പലയിടത്തും റോഡിന്റെ ജോലികൾ നടന്നിട്ടുള്ളതെന്നും ആക്ഷേപമുയർന്നു. അനവധി തവണ ഇതു മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ആര്യനാട് പാലം ജംക്‌ഷന്റെ നവീകരണത്തിനുൾപ്പെടെ യോഗം ചേർന്നത്. 



ആര്യനാട് പഞ്ചായത്തിൽ 28 സ്ഥലങ്ങളിലാണു പുറമ്പോക്ക് കയ്യേറിയതെന്നു റോഡുപണിയുടെ ചുമതലയുള്ള റിക്ക് എംഡി പെണ്ണമ്മ അറിയിച്ചു. ആര്യനാട് പാലം ജംക്‌ഷനിൽ നിന്നു താന്നിമൂട് വരെ റോഡിന്റെ ഇരുവശത്തും നടപ്പാതകൾ ഒരുക്കും. ഇത് ആര്യനാട് ഗവ. വിആൻഡ്എച്ച്എസ്എസിൽ പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ സുരക്ഷിതയാത്രയ്ക്ക് ഏറെ സഹായകരമാകും. ചേരപ്പള്ളി‌യിലെ വളവ് നിവർത്തുന്നതിനു നടപടിയെടുക്കും. 

കെഎസ്ഇബി അധികൃതരുമായി ചർച്ച നടത്തി റോഡിനോടു ചേർന്നു നിൽക്കുന്ന ട്രാൻസ്ഫോമറുകൾ, വൈദ്യുത തൂണുകൾ എന്നിവ മാറ്റി സ്ഥാപിക്കും. പാലം ജംക്‌ഷനിൽ വ്യാപാരികൾക്കു ഭീഷണിയായി നിൽക്കുന്ന മരങ്ങൾ സോഷ്യൽ ഫോറസ്ട്രിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്കു മുറിച്ചുമാറ്റും. 

ഇപ്പോൾ കുറച്ചു മരങ്ങൾ മുറിച്ചു നീക്കം ചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇറവൂർ, ചേരപ്പള്ളി, വലിയകളം പ്രദേശത്തെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂട്ടായ ചർച്ചയിലൂടെ പരിഹരിക്കും. ആര്യനാട് പാലം ജംക്‌ഷനിൽ വികസനത്തിനു തടസ്സമായി നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സ്തൂപങ്ങൾ, സ്മാരകങ്ങൾ എന്നിവ നീക്കം ചെയ്യും. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ, വ്യാപാരികൾ, സാമുദായിക സംഘടനാ നേതാക്കൾ, റിക്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. 

നാലു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് 22 കിലോമീറ്റർ ദൈർഘ്യമുണ്ട്. 40 കോടി ചെലവിൽ നിർമിക്കുന്ന റോഡിന് ആധുനിക നിലവാരത്തിലാണു ടാറിങ്.മുന്നോട്ടുള്ള 50 വർഷത്തെ ആര്യനാട് ജംക്‌ഷനിലെ റോഡിന്റെ വികസനം മുന്നിൽ കണ്ടാണു നവീകരണമെന്നും അതിനാൽ എല്ലാവരും പരമാവധി സഹകരിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു. 

സഹായവുമായി പഞ്ചായത്ത്

വെള്ളനാട്–ചെറ്റച്ചൽ റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് വീട് നഷ്ടമാകുന്നവർക്കു സഹായവുമായി പഞ്ചായത്ത്. പൂർണമായി വീട് നഷ്ടപ്പെടുന്നവർക്കു പഞ്ചായത്ത് ഫണ്ടിൽ വീട് നിർമിക്കാൻ ധനസഹായം നൽകുമെന്നു സർവകക്ഷിയോഗത്തിൽ ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലബീഗം. 

കക്കൂസ്, കിണർ എന്നിവ നീക്കം ചെയ്യേണ്ടിവന്നാൽ അതു പുനർനിർമിക്കാൻ ധനസഹായം നൽകും. വീടിനൊപ്പം വസ്തുവും നഷ്ടമാകുകയാണെങ്കിൽ ഭവനം നിർമിക്കുന്നതിനായി വെട്ടിച്ചാൻകുന്നിൽ സ്ഥലം നൽകും. 

Vellanad-Chettachal-Road

Post a Comment

0 Comments