Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അടുത്തമാസം ഏഴിനു നടക്കുന്ന ഇന്ത്യ–ന്യൂസീലൻഡ് 20–20 ക്രിക്കറ്റ് മൽസരത്തിനു സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങി

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അടുത്തമാസം ഏഴിനു നടക്കുന്ന ഇന്ത്യ–ന്യൂസീലൻഡ് 20–20 ക്രിക്കറ്റ് മൽസരത്തിനു സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങി. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേഡിയത്തിൽ പരിശോധന നടത്തി. മൽസരത്തിനു സുരക്ഷയൊരുക്കാനായി 2500 പൊലീസുകാരെ നിയോഗിക്കുമെന്ന് പരിശോധനയ്ക്കുശേഷം ഐജി മനോജ് ഏബ്രഹാം പറഞ്ഞു. 



സുരക്ഷാ ക്രമീകരണങ്ങൾ തീരുമാനിക്കുന്നതിനായി 12നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സ്റ്റേഡിയത്തിനുള്ളിൽ ബിസിസിഐയുടെ മാനദണ്ഡപ്രകാരമുള്ള കർശന സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കുന്നത്. കളി കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനായി പരിസരത്തുള്ള കോളജുകളിലും യൂണിവേഴ്‌സിറ്റിയിലും സൗകര്യമൊരുക്കും. സ്റ്റേഡിയത്തിലെ മൂന്നു ഗേറ്റുകൾ വഴിയായിരിക്കും കാണികളെ കടത്തിവിടുക. 

മൈതാനത്തിനു പുറമെ കളിക്കാരുടെ ഡ്രസിങ് റൂം, ജിം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തി. മൽസരത്തിനായി കളിക്കാർ എത്തുന്നതു മുതൽ നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കോവളത്തും തിരുവനന്തപുരത്തുമായിട്ടാണ് കളിക്കാരുടെ താമസം സജ്ജീകരിക്കുക. 

സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ്, ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജി.ജയദേവ്, കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ എ.പ്രമോദ് കുമാർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഷീൻ തറയിൽ, ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ്, വൈസ് പ്രസിഡന്റ് രഞ്ജിത് രാജേന്ദ്രൻ, തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്.കുമാർ, സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ കാർത്തിക് വർമ എന്നിവരുമായി സുരക്ഷ ഒരുക്കുന്ന രീതികൾ പൊലീസ് സംഘം ചർച്ചചെയ്തു. നാളെ മുതൽ സ്റ്റേഡിയത്തിൽ രഞ്ജി ട്രോഫി മൽസരങ്ങൾ നടക്കുന്നതിനാലാണ് പൊലീസ് നേരത്തേതന്നെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയത്. 

ടിക്കറ്റ് നിരക്കുകൾ 350 രൂപ മുതൽ 

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിനു ടിക്കറ്റ് നിരക്കുകൾ 350 രൂപ മുതൽ. വിദ്യാർഥികൾക്കുള്ള പ്രത്യേക നിരക്കാണ് 350 രൂപ. 5000 പേർക്ക് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. മറ്റുള്ളവർക്കു കുറഞ്ഞ നിരക്ക് 700 രൂപയാണ്. മുൻനിരയിലുള്ള ലോവർ ചെയർ ടിക്കറ്റിന് 1000 രൂപയും പ്രീമിയം ചെയറിന് 2000 രൂപയുമാണു ടിക്കറ്റ് നിരക്കുകൾ.

കോർപറേറ്റ് സ്ഥാപനങ്ങൾ വഴി പ്രീമിയം ടിക്കറ്റുകൾ വിൽക്കാനാണു കെസിഎയുടെ ശ്രമം. ഫെഡറൽ ബാങ്കിന്റെ തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ശാഖകൾ വഴിയും ബാങ്കിന്റെ ഓൺലൈൻ വഴിയും ഈ മാസംതന്നെ ടിക്കറ്റുകൾ വിതരണം ചെയ്യും.

Post a Comment

0 Comments