Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പൊന്മുടി ചെങ്കോട്ട പാത നവീകരിക്കുന്നു

വിതുര: പൊന്മുടിയിൽ നിന്നും എളുപ്പത്തിൽ ചെങ്കോട്ട റോഡുമായി ബന്ധിപ്പിക്കുന്ന റോഡിലെ വിതുര–ചായം വരെയുള്ള ഭാഗം ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു. വെള്ളനാട്–ചെറ്റച്ചൽ സ്പെഷൽ പാക്കേജ് റോഡ് യാഥാർഥ്യമാകുമ്പോൾ കല്ലുകടിയായി കിടന്ന വിതുര–ചായം റോഡ് നവീകരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. രാഷ്ട്രീയ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ഇതുമായി ബന്ധപ്പെട്ട രംഗത്തുവന്നിരുന്നു.


പല തവണ റോഡ് നവീകരണം വേണ്ടതിന്റെ ആവശ്യകത ഉൾപ്പെടുത്തി വാർത്തകൾ പ്രസിദ്ധീകരിച്ചതും തുണയായി. തുടർന്നായിരുന്നു റോഡ് നവീകരണത്തിനു ഫണ്ട് വകയിരുത്തിയത്. റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്നലെ ഔദ്യോഗികമായി തുടക്കം കുറിച്ചു. ഒന്നരകിലോ മീറ്റർ ദൂരം 2.40 കോടി രൂപ ചെലവഴിച്ചാണു ബിഎം & ബിസി നിലവാരത്തിൽ നവീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആവശ്യമായ ഇടങ്ങളിൽ ഓടയും സംരക്ഷണ ഭിത്തിയും നിർമിക്കും. 

ഇതു പൂർത്തിയായ ശേഷമാണു റോഡ് നവീകരണത്തിലേക്കു കടക്കുന്നതെന്നു കെ.എസ്.ശബരീനാഥൻ എംഎൽഎ ‘മനോരമ’യോടു പറഞ്ഞു. വിതുര ഗവ: വിഎച്ച്എസ്എസ്, യുപിഎസ്, താലൂക്ക് ആശുപത്രി, പഞ്ചായത്ത് ഓഫിസ്, സബ് ട്രഷറി, മൃഗാശുപത്രി ഉൾപ്പെടെ വിതുരയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്കു കടന്നുപോകുന്ന പ്രധാന പാത കൂടിയാണിത്. പരമാവധി പുറമ്പോക്ക് കണ്ടെത്തി വീതി കൂട്ടി റോഡ് കൂടുതൽ സൗകര്യപ്രദമായി നിർമിക്കാനാണു തീരുമാനം.

ഇതിനായി ജനങ്ങളുടെ പൂർണ സഹകരണം എംഎൽഎയും പൊതുമരാമത്ത് വകുപ്പ് അധികൃതരും ആവശ്യപ്പെട്ടു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനുള്ള നിർദേശം ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു. എംഎൽഎയുൾപ്പടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇന്നലെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാഹുൽ നാഥ് അലിഖാൻ, അംഗം ജലജകുമാരി, പൊതുമരാമത്ത് എഇ: ആനന്ദ് ഉൾപ്പടെയുള്ളവർ സംബന്ധിച്ചു.

Post a Comment

0 Comments