പാലോട്: മഴപെയ്താൽ തെങ്കാശിപ്പാതയിലെ പ്ലാവറയും പാലോട് സഹകരണ ബാങ്കിനു സമീപവും നന്ദിയോട് ജംക്‌ഷനും കടലായി മാറി യാത്രക്കാർ ദുരിതച്ചുഴിയിൽപെടാൻ തുടങ്ങിയിട്ടു കാലങ്ങളായെങ്കിലും പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ല. കഴിഞ്ഞ ദിവസത്തെ മഴയിൽ പ്ലാവറയും നന്ദിയോട്–വിതുര റോഡിൽ മാർക്കറ്റിനു മുന്നിലും ഗതാഗതം വരെ നിർത്തിവയ്ക്കേണ്ടി വന്നു. പ്ലാവറയിൽ തടിമില്ല് മുതൽ പോസ്റ്റ് ഓഫിസ് വരെയുള്ള ഭാഗത്തു മഴവെള്ളപ്പാച്ചിലിൽ ഏറെനേരം ഗതാഗതം നിലച്ചു. സ്ഥാപനങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ഉയരപ്രദേശങ്ങളിൽനിന്നുള്ള വെള്ളത്തിനു പുറമെ ഓടകളില്ലാത്തതും ഇവിടത്തെ പ്രശ്നമാണ്. ഈ പ്രദേശങ്ങളിൽ ഓട കയ്യേറ്റം വ്യാപകമാണ്.
നന്ദിയോട് ജംക്ഷനിൽ വിതുര റോഡിലാണു വെള്ളപ്പൊക്കം ഉണ്ടാകുന്നത്. ഇവിടെയും സ്ഥാപനങ്ങളിൽ വെള്ളം കയറി. ഓടയില്ലാത്തതു തന്നെയാണു ഇവിടത്തെയും പ്രശ്നം. പാലോട് സഹകരണ ബാങ്കിനു സമീപം ഉണ്ടാകുന്ന വെള്ളപ്പൊക്കം ജനത്തിനു ദുരിതം സമ്മാനിക്കുന്നു. ഇവിടെ കൊട്ടിഘോഷിച്ചു ഓട നവീകരണം നടത്തിയെങ്കിലും ചില കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തയാറായില്ലെന്നു കച്ചവടക്കാർ പറയുന്നു. മഴക്കാലത്തെ ഈ ദുരിതത്തിനു പുറമെയാണു റോഡ് തകർച്ചയുടെ ദുരിതവും നാട്ടുകാർ പേറുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.