Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെള്ളനാട്–ചെറ്റച്ചൽ റോഡിന്റെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം

ആര്യനാട്: വെള്ളനാട്–ചെറ്റച്ചൽ റോഡിന്റെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്ത്. ഇന്നലെ രാവിലെ താന്നിമൂട്ടിലാണു സിപിഎം ആര്യനാട് ലോക്കൽ കമ്മിറ്റി പ്രതിഷേധവുമായി എത്തിയത്. ഗവ. വി ആൻഡ് എച്ച്എസ്എസിനു സമീപത്തു നിന്ന് താന്നിമൂട്ടിലേക്ക് ഓട നിർമിക്കുക, ആര്യനാട് പോസ്റ്റ് ഓഫിസ് ജംക്‌ഷൻ മുതൽ പാലം ജംക്‌ഷൻ വരെ റോഡുവക്കിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണു സിപിഎം ഉന്നയിച്ചത്. '




ഒടുവിൽ ചർച്ച ചെയ്തു പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാമെന്നറിയിച്ചു താന്നിമൂട്ടിലെ ജോലികൾ അധികൃതർ ഇന്നലെ താൽകാലികമായി നിർത്തി.റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പാലം ജംക്‌ഷനു സമീപത്തെ മരങ്ങളുടെ ചുവട്ടിലെ മണ്ണ് നീക്കം ചെയ്തു മെറ്റൽ നിരത്തിയതു നാട്ടുകാരെ ചൊടിപ്പിച്ചിരുന്നു. ഇൗ മരങ്ങൾ സമീപ കടകൾക്കും അപകടഭീഷണിയുയർത്തിയതോടെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി.

തുടർന്നു കെ.എസ്.ശബരീനാഥൻ എംഎൽഎയുടെ നേത്യത്വത്തിൽ സർവകക്ഷിയോഗം ചേർന്ന് ഇതിനു പരിഹാരമുണ്ടാക്കുമെന്നു റോഡുപണിയുടെ ചുമതലയുള്ള റിക്ക് എംഡി പെണ്ണമ്മ അറിയിച്ചിരുന്നു. തുടർന്നായിരിക്കും ആര്യനാട് പാലം ജംക്‌ഷന്റെ നവീകരണം. താന്നിമൂട്ടിൽ റോഡിന്റെ നവീകരണത്തിനായി നിരത്തിയ മെറ്റലുകൾ കഴിഞ്ഞ മഴയിൽ ഒലിച്ചുപോയിരുന്നു. സർവകക്ഷിയോഗം കൂടിയില്ലെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ ഇതിനൊരു തീരുമാനം ഉണ്ടാക്കിയതിനു ശേഷം പരമാവധി പുറമ്പോക്ക് എടുത്തു ജോലികൾ നടത്തണമെന്നു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ദീക്ഷിത് പറഞ്ഞു. 

റോഡ് വികസനത്തിനായി ആര്യനാട് പഞ്ചായത്തിൽ പുറമ്പോക്ക് എടുത്തതിൽ വ്യാപക പരാതിയാണുള്ളത്. വളവുകൾ നിവർത്താതെ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണു നാട്ടുകാരുടെ പരാതി. കയ്യേറിയ മുഴുവൻ പുറമ്പോക്കുമെടുത്തു റോഡ് നവീകരിക്കണമെന്ന് ആര്യനാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനം കരാറെടുത്ത കമ്പനി പ്രതിനിധികൾക്കു നൽകിയിട്ടുണ്ടെന്നു പ്രസിഡന്റ് എസ്.ഷാമീലാബീഗം അറിയിച്ചു.

വയലിക്കട, ഇറവൂർ റേഷൻകടയ്ക്കു സമീപം എന്നിവിടങ്ങളിലെ റോഡിനോടു ചേർന്ന ട്രാൻസ്ഫോമർ, വൈദ്യുത തൂണുകൾ എന്നിവ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും ഇതുവരെ പരിഹാരമായിട്ടില്ല.

Post a Comment

0 Comments