നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽനിന്നു മലയോര മേഖലകളിലേക്കുള്ളവയടക്കം അനവധി സർവീസുകൾ നിർത്തിവച്ചതായി പരാതി. കരിപ്പൂര്–മാണിക്കപുരം–പരുത്തിക്കുഴി സർവീസ്, വട്ടപ്പാറ–കുറ്റിയാണി–പോത്തൻകോട് സർവീസ്, പനയമുട്ടം, ചിറമുക്ക്, വട്ടപ്പാറ എന്നീ ഭാഗത്തേക്കുള്ള സർവീസുകളിൽ പലതുമാണ് നിർത്തലാക്കിയിട്ടുള്ളത്. ഇവയിൽ മിക്കവയും നല്ല കലക്‌ഷൻ ലഭിക്കുന്നവയുമാണത്രെ. എന്നാൽ, നല്ല കലക്‌ഷൻ ഉള്ള റൂട്ടുകളിലും ഇടറൂട്ടുകളിലും ഉള്ള സർവീസുകൾ നിർത്തലാക്കില്ലെന്ന കെഎസ്ആർടിസി എംഡിയുടെ ഉത്തരവ് നിൽക്കവെയാണു മേൽപറഞ്ഞ സർവീസുകളിൽ മിക്കവയും നിർത്തലാക്കിയതെന്നാണു പരാതി.
യാത്രക്കാർക്ക് ഇപ്പോൾ ഈ റൂട്ടുകളിൽ സമാന്തര സർവീസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തിരക്കേറിയ സമയങ്ങളിൽ, പ്രത്യേകിച്ച് വൈകിട്ട് നാലു മുതൽ ഏഴുവരെ ഇടറോഡുകളിൽ സർവീസ് നടത്താൻ തയറാകുന്നില്ലെന്ന ആക്ഷേപവും ഉയർന്നുവന്നിട്ടുണ്ട്. ഈ റൂട്ടുകളിൽ നിർത്തലാക്കിയ ബസ് സർവീസുകൾ നല്ല തിരക്കുള്ള സമയങ്ങളിലെങ്കിലും പുനരാരംഭിക്കണമെന്ന ആവശ്യം ഡിപ്പോ അതികൃതരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ സർവീസുകൾ നടത്താൻ ആവശ്യമായ ബസുകൾ ഇല്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലത്തുകയാണെന്നു യാത്രക്കാർ ആരോപിക്കുന്നു.
കെഎസ്ആർടിസി സർവീസുകളെ മാത്രം കൂടുതലായി ആശ്രയിക്കുന്ന നെടുമങ്ങാട് മേഖലയിലെ യാത്രക്കാർക്ക് ഇപ്പോൾ അനുഭവപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കാൻ ഈ ഡിപ്പോയ്ക്ക് അത്യാവശ്യം വേണ്ട ബസുകൾ നൽകാൻ കെഎസ്ആർടിസി അധികൃതർ തയാറാകണമെന്നും അതിനു താലൂക്കിലെ ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കരിപ്പൂര് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.