Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സിനിമാ തിയറ്ററിനു വേണ്ടി വാക്കേറ്റവും ഇറങ്ങിപ്പോക്കും

വെഞ്ഞാറമൂട്: നെല്ലനാട് പ‍ഞ്ചായത്ത് കമ്മിറ്റിയിൽ സിനിമാ തിയറ്ററിനു വേണ്ടി വാക്കേറ്റവും ഇറങ്ങിപ്പോക്കും. വെഞ്ഞാറമൂട് ടൗണിൽ കേരള ഫിലിം ഡവലപ്മെന്റ് കോർപറേഷന് മിനി തിയറ്റർ പണിയുന്നതിനു സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന പഞ്ചായത്ത് കമ്മിറ്റി ചർച്ച വാക്കേറ്റത്തിൽ കലാശിക്കുകയും സിപിഎം അംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്നു സിപിഎമ്മിന്റെ നേതൃത്വത്തിൽ ജംക്‌ഷനിൽ പ്രതിഷേധ ജാഥ നടത്തി.



വെഞ്ഞാറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലിം സൊസൈറ്റികൾ ചേർന്നു വെഞ്ഞാറമൂട്ടിൽ മിനി തിയറ്റർ പണിയണമെന്നു കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നെന്നും ഇതനുസരിച്ചു കോർപറേഷൻ അധികൃതർ ഡി.കെ.മുരളി എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സ്ഥലം നൽകാമെങ്കിൽ തിയറ്റർ പണിഞ്ഞു നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്നു സിപിഎം അംഗങ്ങൾ പറയുന്നു. തിയറ്റർ നിർമിക്കാൻ ഇപ്പോൾ ഉപയോഗമില്ലാതെ കിടക്കുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡിനു വേണ്ടി നിർമിച്ച സ്ഥലമാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്. 

അന്ന് പ‍ഞ്ചായത്ത് അധികൃതർ എതിർപ്പു പറഞ്ഞിരുന്നില്ലെന്നും ഇന്നലെ നടന്ന കമ്മിറ്റിയിൽ ഈ സ്ഥലം നൽകാൻ കഴിയില്ലെന്ന് യുഡിഎഫ് നേതൃത്വത്തിലുള്ള പ‍ഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുക്കുകയും ചെയ്തുവെന്നും പ്രതിപക്ഷ അംഗങ്ങൾ പറയുന്നു. അതേ സമയം വെഞ്ഞാറമൂട് ടൗണിനോടു ചേർന്നു കിടക്കുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷൻ പോലുള്ള കെട്ടിടങ്ങൾ നിർമിക്കാൻ ഉപയോഗിക്കാമെന്നും സിനിമാ തിയറ്ററിനു വേണ്ടി എംസി റോഡിൽ കീഴായിക്കോണം ജംക്‌ഷനു സമീപത്തെ പുറമ്പോക്കു സ്ഥലം വിട്ടുനൽകാമെന്നും പ‍ഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായെന്നു പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് പറഞ്ഞു. എന്നാൽ ഇത് സിപിഎം അംഗങ്ങൾ നിരസിച്ചു. തുടർന്നാണ് പ്രതിഷേധവും ഇറങ്ങിപ്പോക്കും നടന്നത്.

Post a Comment

0 Comments