പാലോട്: ജീവനൊടുക്കിയ പാലോട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ നന്ദിയോട് വെമ്പ് പ്രഭ വിലാസത്തിൽ സുനിൽകുമാറിന്റെ (44) മൃതദേഹവുമായി നാട്ടുകാർ തിരുവനന്തപുരം – തെങ്കാശി പാതയിലെ കുറുപുഴയിൽ റോഡ് ഉപരോധിച്ചു.
കെഎസ്ആർടിസി ജീവനക്കാരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന സർക്കാരിന്റെയും മാനേജ്മെന്റിന്റെയും പരിഷ്കരണ നടപടികൾ പിൻവലിക്കണമെന്നും സുനിൽകുമാറിന്റെ കുടുംബത്തിനു ജോലിയും സാമ്പത്തിക സഹായവും നൽകണമെന്നും ആവശ്യപ്പെട്ടാണ് അരമണിക്കൂറിലേറെ നാട്ടുകാരുടെയും കെഎസ്ആർടിസിയിലെ സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഉപരോധം ഏർപ്പെടുത്തിയത്.
തഹസിൽദാർ ഉപരോധ സ്ഥലത്തെത്തി പൊലീസും നാട്ടുകാരും ജീവനക്കാരുമായി സംസാരിച്ചു. ചർച്ചയിലെ ആവശ്യങ്ങൾ ഉന്നത തലത്തിൽ അറിയിക്കാമെന്ന ഉറപ്പു നൽകി.വൈകിട്ടോടെ സുനിൽകുമാറിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം കൊണ്ടുവന്ന മൃതദേഹം കെഎസ്ആർടിസിയുടെ നെടുമങ്ങാട്, പാലോട് ഡിപ്പോകളിൽ പൊതുദർശനത്തിനു വച്ചു.എസ്എൻഡിപി യോഗം സൈബർസേന ഭാരവാഹിയും ബിഡിജെഎസ് പ്രവർത്തകനുമാണു സുനിൽകുമാർ. ഞായറാഴ്ച രാത്രി കെഎസ്ആർടിസിക്കെതിരെ ഫെയ്സ്ബുക് പോസ്റ്റിട്ട ശേഷമാണു വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
എംഡിക്കെതിരെ പ്രതിഷേധം;റീത്ത് ബഹിഷ്കരിച്ചു
പാലോട്∙ സുനിൽകുമാറിന്റെ മൃദേഹത്തിൽ കെഎസ്ആർടിസി എംഡിയുടെ റീത്ത് വയ്ക്കുന്നതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. റീത്ത് വയ്ക്കുന്നതു തടഞ്ഞില്ലെങ്കിലും വച്ച റീത്തുകളിൽ എംഡിയുടെ റീത്ത് ഡിപ്പോയിൽ ഉപേക്ഷിച്ചു മറ്റെല്ലാം വാഹനത്തിൽ കയറ്റി വീട്ടിലേക്കു കൊണ്ടുപോയി. ‘കൊലയാളി എംഡിയുടെ റീത്ത് ബഹിഷ്കരിക്കുക’ എന്നു പോസ്റ്ററുകളും പതിച്ചു.
ആത്മഹത്യയ്ക്ക് കാരണം ഡ്യൂട്ടി മാറ്റമല്ലെന്ന് കെഎസ്ആർടിസി
നെടുമങ്ങാട്: കെഎസ്ആർടിസി പാലോട് യൂണിറ്റിലെ എംപാനൽ കണ്ടക്ടറായ സുനിൽകുമാർ ഡ്യൂട്ടി പുതുക്കിയതുമായി ബന്ധപ്പെട്ടു ജോലി ലഭിക്കാതെയാണ് ആത്മഹത്യ ചെയ്തത് എന്നതു വസ്തുതകൾക്കു നിരക്കുന്നതല്ലെന്നു നെടുമങ്ങാട് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ . ഡ്യൂട്ടി മാറ്റം മൂലം ആർക്കും ഡ്യൂട്ടി ലഭിക്കാത്ത അവസ്ഥയില്ലെന്നും അധികൃതരുടെ വിശദീകരണം. സുനിൽകുമാറിനെ ഷെഡ്യൂളിൽ നിന്നു മാറ്റിയിട്ടില്ലെന്നു യൂണിറ്റ് അധികൃതർ കോർപറേഷനെ അറിയിച്ചിട്ടുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.