നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലേഖാ വിക്രമന്റെ വീടിന് നേരെ ഗുണ്ടാ ആക്രമണം. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് ലേഖാ വിക്രമന്റെ പൂവത്തൂര്‍ രേവതി ഭവന് നേരെ ആക്രമണം നടന്നത്.
വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാര്‍, ബൈക്ക്, വീടിന്റെ ജനല്‍ ചില്ലുകള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നു. ബൈക്കുകളില്‍ എത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. കാറിന്റെ ചില്ലുകള്‍ കമ്ബിപ്പാര ഉപയോഗിച്ച് അടിച്ചുതകര്‍ക്കുകയും ബൈക്കിന്റെ സീറ്റിലടക്കം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും ചെയ്തു. അയല്വാസിയുടേതായിരുന്നു ബൈക്ക്.
വാള് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയവര്‍ വീടിന്റെ വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമം നടത്തി. ലേഖയുടെ ഭര്‍ത്താവ് വിക്രമനും മക്കളായ വിഷ്ണുവും വൈഷ്ണവും ഉണര്‍ന്ന് വാതില്‍ അകത്തുനിന്നു ശക്തമായി തള്ളി പിടിച്ചതിനാല്‍ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ സമീപത്തെ വീടുകളില്‍ ലൈറ്റ് തെളിച്ചതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ലേഖയും വിക്രമന്റെ എണ്‍പത് വയസുള്ള മാതാവും വീട്ടിലുണ്ടായിരുന്നു. തിരുവനന്തപുരം എം.ജി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ വിഷ്ണുവിനെ ലക്ഷ്യമിട്ടാണ് അക്രമം നടന്നതെന്നും കഴിഞ്ഞദിവസം കോളേജില്‍ നടന്ന എസ്.എഫ്.ഐ - എ.ബി.വി.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വിഷ്ണുവിനെയും കുടുംബത്തെയും ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നും എല്‍.ഡി.എഫ് ആരോപിച്ചു.
വീടിനു മുന്നില്‍ നിന്ന് അക്രമി സംഘത്തിന്റേതെന്നു കരുതുന്ന വടിവാള്‍ പൊലീസ് കണ്ടെടുത്തു. നെടുമങ്ങാട് എസ്.ഐ ഡി. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു .
ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സി. ദിവാകരന് എം.എല്‍.എ, നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന്, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്. അനില്‍, എല്‍.ഡി.എഫ് നേതാക്കളായ അഡ്വ. ആര്. ജയദേവന്, പാട്ടത്തില്‍ ഷെരീഫ്, എം.സി.കെ. നായര്‍, എസ്.എസ്. ബിജു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ഇന്നലെ പ്രതിഷേധ യോഗവും പ്രകടനവും നടത്തി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.