തിരുവനന്തപുരം: എസ്ബിഐ എടിഎമ്മുകളിൽ അടുത്തമാസം ഒന്നു മുതൽ സൗജന്യസേവനം അവസാനിപ്പിച്ച് ഓരോ ഇടപാടിനും 25 രൂപ സർവീസ് ചാർജ് ഈടാക്കുമെന്ന ഉത്തരവു കേട്ടറിഞ്ഞു തലസ്ഥാനത്തെ ഇടപാടുകാരും ആശങ്കയിലായി. ഇന്ധനം നിറയ്ക്കുന്നതടക്കം നിത്യച്ചെലവുകൾക്കായി അടിക്കടി എടിഎമ്മുകളിൽ നിന്ന് അഞ്ഞൂറും ആയിരവും പിൻവലിക്കുന്നവർക്കായിരുന്നു ഏറെ ആശങ്ക.
തുടരെത്തുടരെ കാശ് എടുത്താൽ അക്കൗണ്ട് ചോരുമെന്ന് അറിഞ്ഞതോടെ ഏവരും ഒന്നു ഞെട്ടി. സൗജന്യ സേവനം നിർത്തിലാക്കി പോക്കറ്റ് കൊള്ളയടിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു എല്ലായിടത്തും.
ബാങ്കുകൾക്കു മുന്നിൽ പ്രതിഷേധം
ഡിവൈഎഫ്ഐ ഉൾപ്പെടെ വിവിധ സംഘടനകൾ ബാങ്കുകൾക്കു മുന്നിൽ പ്രതിഷേധമറിയിച്ചു രംഗത്തുവന്നു. കാഷ് ഡിപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കുന്നതിനും മുഷിഞ്ഞ നോട്ട് മാറ്റുന്നതിനും സർവീസ് ചാർജ് ഈടാക്കുമെന്നും പ്രചാരണം വന്നു. നവമാധ്യമങ്ങളിലെല്ലാം ഇതുമാത്രമായിരുന്നു ഇന്നലെ ചർച്ചാവിഷയം. ട്രോളൻമാരെല്ലാം ട്രോളുകളിറക്കി എസ്ബിഐയെ കൊന്നുകൊലവിളിച്ചു.
ഒടുവിൽ, ബാങ്ക് അധികൃതർ വിഷയത്തിൽ വ്യക്തത വരുത്തി രംഗത്തുവന്നതോടെ ആണു സൈബർ ആക്രമണം മയപ്പെട്ടത്. പ്രമുഖ ബിസിനസ് ഓൺലൈൻ റിപ്പോർട്ടിന്റെ ചുവടുപിടിച്ചായിരുന്നു എസ്ബിഐ സൗജന്യ സേവനങ്ങൾ നിർത്തുന്നുവെന്ന പ്രചാരണം. രാവിലെ മുതൽ ഇതു തന്നെയായിരുന്നു എല്ലായിടത്തും ചർച്ച. നോട്ട് നിരോധനം കഴിഞ്ഞാൽ ഏറെ ചർച്ചയായ മറ്റൊരു വിഷയമായിരുന്നു ഇത്.
അടുത്ത മാസം മുതൽ, അടിക്കടി കാശ് എടുത്താൽ അക്കൗണ്ടിലെ പണം നഷ്ടമാകുമെന്ന വാർത്തയുടെ ചുവടുപിടിച്ചു പലരും ഇന്നലെ എടിഎമ്മിലുള്ള പണം പിൻവലിച്ചു. അയ്യായിരവും പതിനായിരവുമെല്ലാം സൂക്ഷിച്ചിരുന്നവരായിരുന്നു ഭൂരിഭാഗവും. സാലറി അക്കൗണ്ടുകളിൽ പണം സൂക്ഷിച്ചിരുന്നവരും ആശങ്കയിലായി. ഇക്കൂട്ടർ അക്കൗണ്ടിൽ അവശേഷിച്ച തുക അപ്പാടെ പിൻവലിച്ചു. വാർത്തയറിഞ്ഞു മിക്ക ഇടപാടുകാരും രാവിലെ തന്നെ എടിഎം കൗണ്ടർ ലക്ഷ്യമാക്കി പാഞ്ഞു.
പലയിടത്തും നോട്ട് തീർന്നു ഉച്ചയോടെ തിരക്ക് വർധിച്ചു പലയിടത്തും നോട്ട് തീർന്ന അവസ്ഥ വരെയെത്തി. പണം പിൻവലിക്കാൻ എത്തിയവരിൽ അധികവും യുവാക്കളായിരുന്നു. ഷോപ്പിങ്ങും ഇന്ധനം നിറയ്ക്കലുമടക്കം പ്രതിദിനം ഒന്നിലേറെ തവണ എടിഎം സേവനം ഉപയോഗപ്പെടുത്തുന്നവരാണ് ഇവർ. എന്തിനും ഏതിനും എടിഎം ഉപയോഗിക്കുന്ന ഇത്തരക്കാരായിരുന്നു പ്രചാരണം കേട്ട് ഏറെ വലഞ്ഞത്. അതേ സമയം, പതിവുപോലെ ഇന്നലെയും നഗരത്തിലെ ചില എടിഎമ്മുകൾ പണമില്ലാതെ കാലിയായിക്കിടന്നു. ആശങ്കയോടെ പണം പിൻവലിക്കാൻ എത്തിയവർക്ക് ഇത് ഇരട്ടി പ്രഹരമായി.
പൊലീസ് സമരക്കാരെ നീക്കംചെയ്തു
സൗജന്യ എടിഎം സേവനം നിർത്തലാക്കുന്നുവെന്ന പ്രചാരണത്തെ തുടർന്നു തലസ്ഥാനത്തെ എസ്ബിഐ ശാഖകൾക്കു മുന്നിൽ വിവിധ സംഘടനകൾ പ്രതിഷേധമറിയിച്ചു രംഗത്തുവന്നു. പ്രകടനമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്പാനൂർ ശാഖയിലേക്കു തള്ളിക്കയറി. സംസ്ഥാന കമ്മിറ്റി അംഗം എ.എ.റഹീമിന്റെ നേതൃത്വത്തിലായിരുന്നു സമരം. സ്റ്റാച്യൂവിലെ ശാഖയ്ക്കു മുന്നിൽ എൻസിപിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ ഉദ്ഘാടനം ചെയ്തു.
രണ്ടിടത്തും പൊലീസ് എത്തിയാണു സമരക്കാരെ നീക്കംചെയ്തത്. സേവനങ്ങൾക്കു സർവീസ് ചാർജ് ഈടാക്കി അധിക സാമ്പത്തിക ഭാരമാണു ജനങ്ങളിൽ അടിച്ചേൽപിക്കുന്നതെന്നു സമരക്കാർ പറഞ്ഞു. നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നു മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പ്രതികരിച്ചു.
എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കണമെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്കുകൾ വഴി നടത്തണമെന്നും കേന്ദ്രസർക്കാർ നിഷ്കർഷിക്കുമ്പോഴാണ് എസ്ബിഐയുടെ ഈ വിചിത്ര നടപടിയെന്നും സുധീരൻ ചൂണ്ടിക്കാട്ടി. നടപടിക്കെതിരെ സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയനും പ്രതിഷേധമറിയിച്ചു രംഗത്തുവന്നു. ബാങ്ക് സർവീസ് ചാർജുകളിൽ അടിക്കടി ഉണ്ടാകുന്ന വർധനവ് ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.