Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എടിഎം കാർഡ് ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്;യുവാവിനു നഷ്ടപ്പെട്ടത് മൂവായിരം രൂപ

ആര്യനാട്: എടിഎം കാർഡ് ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്, യുവാവിനു മൂവായിരം രൂപ നഷ്ടമായി. ആര്യനാട് ഇറവൂർ കാഞ്ഞിരംവിളാകത്ത് വീട്ടിൽ സി.സതീഷ് ചന്ദ്രന്റെ(31)അക്കൗണ്ടിൽ നിന്നാണു പണം മോഷ്ടിക്കപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. ഇന്ത്യൻ ബാങ്കിന്റെ നെടുമങ്ങാട് ശാഖയിലാണു സതീഷിന്റെ അക്കൗണ്ട്. എടിഎം കാർഡുമായി ബന്ധപ്പെട്ട തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരുമാസം മുമ്പ് സതീഷ് ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. 

ഇതിനു ശേഷമാണ് കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും സതീഷിനു പണം എടുക്കാനായത്. ഇന്നലെ രാവിലെ 9525622488 എന്ന നമ്പരിൽ നിന്നും സതീഷിന്റെ മൊബൈലിൽ കോളെത്തി. ഇന്ത്യൻ ബാങ്കിന്റെ മുഖ്യശാഖയിൽ നിന്നാണു വിളിക്കുന്നതെന്നു പറഞ്ഞു പരിചയപ്പെടുത്തി. ഇംഗ്ലിഷായിരുന്നു സംസാര‌ഭാഷ. ആദ്യം പേരും തുടർന്ന് എടിഎം കാർഡിന്റെ സീരിയൽ നമ്പരും വിളിച്ചയാൾ സതീഷിനോടു പറഞ്ഞു. ഇതു ശരിയാണെന്നു ബോധ്യപ്പെട്ടതോടെ ബാങ്ക് ജീവനക്കാരനാണെന്നു സതീഷ് സ്ഥിരീകരിച്ചു. 

തുടർന്നു കാർഡിന്റെ കാലാവധി തീയതി ആവശ്യപ്പെട്ടു. അതും നൽകിയതോടെ വീണ്ടും ആവശ്യപ്പെട്ടതനുസരിച്ചു കാർഡിലെ പിന്നിലെ സിവിവി (കാർഡ് വെരിഫിക്കേഷൻ കോഡ്) കോഡും നൽകി. തുടർന്നു കാർഡ് ആക്ടീവാക്കട്ടെ എന്നു ചോദിച്ചു. ഒടുവിൽ മെ‌ാബൈലിൽ മൂന്നു തവണ ഒടിപി നമ്പർ വരുമെന്നും അതു തിരികെ പറഞ്ഞുനൽകണമെന്നും സതീഷിനു നിർദേശം നൽകി.

ഒടിപി നമ്പർ നൽകി പത്തു മിനിട്ട് കഴിഞ്ഞതോടെ അക്കൗണ്ടിൽ നിന്നും 3,000 രൂപ പിൻവലിച്ചതായി കാണിച്ചു മൊബൈലിൽ അറിയിപ്പും എത്തി. തുടർന്നു സതീഷ് ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടു. ഇതോടെയാണു ബാങ്ക് അധികൃതരും തട്ടിപ്പിനെക്കുറിച്ചറിഞ്ഞത്. സ്വെപ്പിങ് മെഷിൻ ഉപയോഗിച്ചാണു പണം തട്ടിപ്പു നടത്തിയതെന്നു ബാങ്ക് അധികൃതർ അറിയിച്ചതായി സതീഷ് പറഞ്ഞു. തുടർന്നു ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. ആര്യനാട് പൊലീസ് സ്റ്റേഷനിലും സതീഷ് പരാതി നൽകി.


Post a Comment

0 Comments