Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കനത്ത വേനലിൽ വെന്തുരുകി ഗ്രാമീണ മേഖല; കുടിനീരിനായി പൊതുജനം പരക്കം പായുന്നു

വിതുര: ഗ്രാമീണമേഖല കനത്ത വേനലിൽ വെന്തുരുകുന്നു. താപനില ശരാശരിക്കും മീതെ ഉയർന്നതോടെ മിക്ക കുളങ്ങളും കിണറുകളും വറ്റി. ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഗ്രാമീണ മേഖലയിലെ അറുപത് ശതമാനത്തോളം ജലാശയങ്ങളിൽ നാമ മാത്രമായേ കുടിവെള്ളമുള്ളൂവെന്നതു നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പൊതുജനം കുടിനീരിനായി പരക്കം പായുകയാണ്. മഴ ഇടയ്ക്കു പെയ്യുന്നുണ്ടെങ്കിലും ക്ഷാമം കുറയുന്നില്ല.

ക്ഷാമം കാർഷിക മേഖലയെ ഇതിനകം തന്നെ നന്നായി ബാധിച്ചിട്ടുണ്ട്. പല കൃഷിയിടങ്ങളിലും വിളകൾ കരിഞ്ഞുണങ്ങി തുടങ്ങി. ജലസേചനത്തിനു മാർഗമില്ലാതെ കർഷകർ ദുരിതത്തിലാണ്. കനത്ത വിളവ് പ്രതീക്ഷിച്ച് ആയിരക്കണക്കിനു രൂപ മുടക്കി വിളയിറക്കിയ വാഴ കർഷകരാണ് ഇതിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. തൊളിക്കോട് പഞ്ചായത്തിലെ പൊൻപാറ, ചെട്ടിയാംപാറ, തേവൻപാറ, തുരുത്തി, നാഗര, ആനപ്പെട്ടി പ്രദേശങ്ങളിൽ ജലലഭ്യത പകുതിയിലേറെ താഴ്ന്നു. വിതുര പാഞ്ചായത്തിലെ കാലൻകാവ്, കളീയ്ക്കൽ, മണിതൂക്കി, ചപ്പാത്ത്, കാലൻകാവ്, മാങ്കാല, തള്ളച്ചിറ തുടങ്ങിയ പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വാമനപുരം നദിയിലെ ജലനിരപ്പ് ഒരുപരിധി വരെ താഴ്ന്നു.

പലയിടത്തും ബണ്ട് കെട്ടി വെള്ളം തടഞ്ഞുനിർത്തിയാണ് ഉപഭോഗം നടക്കുന്നത്. ചിലയിടത്തു മാലിന്യം തള്ളുന്നത് ഉള്ള ജലത്തെ ഉപയോഗിക്കാൻ പാറ്റാത്ത അവസ്ഥയിലെത്തിച്ചു. കല്ലാർ നദിയിലേയ്ക്കൊഴുകിയെത്തുന്ന ചെറു കാട്ടരുവികളിലും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. വിതുര, തൊളിക്കോട് ഗ്രാമ പഞ്ചായത്തുകളിലെ ചിലയിടങ്ങളിൽ മുൻപ് നടപ്പിലാക്കിയ കുടിവെള്ള പദ്ധതികൾ ഈ വേനൽക്കാലത്തു ജനത്തിനു ഉപയോഗപ്പെടുന്നില്ലെന്ന പരാതിയും ശക്തമാണ്. ഗ്രാമീണ മേഖലയിൽ കുടിവെള്ളവിതരണം തുടങ്ങിയെങ്കിലും പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും വെള്ളം എത്തിക്കാനാകുന്നില്ലെന്ന ആക്ഷേപമുണ്ട്. 


Post a Comment

0 Comments