Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കൈത്തോടിന്റെ കരയിൽ താമസിക്കുന്നവർ ദുരിതത്തിൽ

പാലോട്: നടക്കാൻ പോലുമാകാതെ ഇടിഞ്ഞുപൊളിഞ്ഞ നടവരമ്പ്, കണ്ണൊന്നു ചിമ്മിയാൽ കാൽതട്ടി വീഴുന്നതു മാലിന്യം കെട്ടിക്കിടക്കുന്ന തോട്ടിലേക്കാവാം. നന്ദിയോട് ഹരിശ്രീ സ്കൂളിനു മുന്നിലൂടെ ഒഴുകി ആലമ്പാറയിൽ എത്തുന്ന ആലമ്പാറ വാർഡിലെ കൈത്തോടിന്റെ കരയിൽ താമസിക്കുന്നവർക്കാണ് ഈ ദുരിതം. ഇവിടെ പഞ്ചായത്തിന്റെ രേഖകളിൽ പറയുന്ന വഴിയും നീർത്തട വികസന പദ്ധതിയിൽപ്പെട്ട കൈത്തോടും ഉണ്ട്. ഇതുരണ്ടും സംരക്ഷിക്കാത്തതുമൂലം നടവരമ്പ് ഇടിഞ്ഞു പൊളിഞ്ഞു, ജലസമൃദ്ധമായിരുന്ന തോടാവട്ടെ മാലിന്യം നിറഞ്ഞു കെട്ടിക്കിടക്കുന്നതുമായി. ഈ വഴിയുടെ 20 മീറ്ററോളം ഭാഗം സർക്കാർ ചെലവിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. നന്ദിയോട് മാർക്കറ്റിനുള്ളിലെ ഓടയിലെ മാലിന്യം ഒഴുകിയെത്തുന്നത് ഈ ജലാശയത്തിലേക്കാണ്. ഈ ഓടയിലേക്കു കക്കൂസ് മാലിന്യം അടക്കം തുറന്നുവിടുന്നതായി നാട്ടുകാർ പറയുന്നു. അനവധി കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഒരു സൈക്കിൾ പോലും കൊണ്ടുപോകാനാവാതെ ദുരിതത്തിലാണ്. നീർത്തട വികസനം എന്നൊക്കെ പറ‍ഞ്ഞു ലക്ഷങ്ങൾ ചെലവിടുമ്പോൾ ഇതുപോലുള്ള ജലസമൃദ്ധമായ കൈത്തോടുകൾ സംരക്ഷിക്കപ്പെടുന്നില്ലെന്നത് ഇവിടത്തെ അവസ്ഥ കണ്ടാൽ ബോധ്യപ്പെടും. മഴക്കാലമായാൽ ഇതുവഴി നടന്നുപോകാനൊ തോട് കടക്കാനൊ കഴിയാത്ത അവസ്ഥയാണ്. തോട് നവീകരിച്ചില്ലെങ്കിൽ പ്രദേശത്തു പകർച്ച വ്യാധികൾക്കു സാധ്യതയേറെയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഈ സമയത്ത് ഇതുപോലുള്ള ജലാശയങ്ങൾ സംരക്ഷിച്ചിരുന്നെങ്കിൽ ജനത്തിന് ആശ്വാസമായേനെ. സ്വാധീനങ്ങൾമൂലം സ്വകാര്യ വ്യക്തികളുടെ വീട്ടിലേക്കു വരെ പഞ്ചായത്തുവകയിൽ കോൺക്രീറ്റ് ചെയ്തു കൊടുക്കുന്നിടത്താണ് ഇവിടത്തെ ജനങ്ങൾക്കു നടവഴിപോലും നിഷേധിക്കുന്നത്. നടവഴി നവീകരിക്കാനും മാലിന്യത്തിന്റെ പിടിയിൽ നിന്നു തോടിനെ സംരക്ഷിച്ചു ജനത്തിന് ഉപയോഗ പ്രദമാക്കാനും നടപടി സ്വീകരിക്കണെമെന്നു സ്ഥലവാസികൾ ആവശ്യപ്പെടുന്നു.

Post a Comment

0 Comments