Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അക്കേഷ്യ, മാഞ്ചിയം തൈകൾ വച്ചു പിടിപ്പിക്കാൻ വനം വകുപ്പ് നീക്കം; നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നു

വിതുര: വിതുര ഗ്രാമ പഞ്ചായത്തിലെ പേപ്പാറ, പട്ടൻകുളിച്ചപാറ, കുട്ടപ്പാറ മേഖലകളിൽ അക്കേഷ്യ, മാഞ്ചിയം മരങ്ങൾ മുറിച്ചു മാറ്റിയ ശേഷം വീണ്ടും തൈകൾ വച്ചു പിടിപ്പിക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ ബഹുജന പ്രതിഷേധം ശക്തിയാർജിക്കുന്നു. മണ്ണിൽ നിന്നു ജലം വലിച്ചെടുക്കുന്നതിനൊപ്പം അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷൻ കൃഷി മാരക രോഗങ്ങൾ പകർത്തുന്നുവെന്നതിനു തെളിവുകളുമായി ചില സന്നദ്ധ സംഘടനകൾ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. 

ഗ്രാമ പഞ്ചായത്തിലെ പേപ്പാറ, പട്ടൻകുളിച്ചപാറ മേഖലകളോടു ചേർന്ന ആദിവാസി ഊരുകളിൽ മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നതിനു പിന്നിൽ അക്കേഷ്യ, മാഞ്ചിയം മരങ്ങളുടെ വ്യാപനം കാരണമായെന്നാണു വിലയിരുത്തൽ. ശ്വാസകോശ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, കാൻസർ എന്നിവ ഈ ഊരുകളിൽ വ്യാപകമാണ്. കുട്ടപ്പാറ ഭാഗത്തു മരങ്ങൾ മുറിച്ചുമാറ്റി നിലമൊരുക്കിയപ്പോൾ ഇലകളും ചില്ലകളും പൂക്കളും കത്തിച്ചിരുന്നു. 

ഇതു പ്രദേശത്തെ ആദിവാസികൾക്കു ശ്വാസ തടസ്സം ഉൾപ്പെടെ അസ്വസ്ഥതകൾ ഉണ്ടായതായി ആദിവാസികൾ നേരത്തേ പരാതി പറഞ്ഞിരുന്നു. നഗരത്തിന്റെ പ്രധാന ജല സ്രോതസ്സായ പേപ്പാറ ഡാമിന്റെ വൃഷ്ടി പ്രദേശത്താണു പ്ലാന്റേഷൻ. മരങ്ങളിലെ ഇലകളും പൂക്കളും ജലത്തിൽ വീഴുന്നതും ഇത് അഴുകുന്നതും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോയെന്നുള്ള ആശങ്ക സജീവമാണ്. 

ദിനംപ്രതി ഡാമിലെ ജല നിരപ്പ് താഴുന്നതിനു പിന്നിൽ പ്ലാന്റേഷനുകൾ തന്നെയെന്നാണു വിദഗ്ധ അഭിപ്രായം. പേപ്പാറ, പട്ടൻകുളിച്ചപാറ, പൊടിയക്കാല തുടങ്ങിയ ഇടങ്ങളിൽ കിണറുകളും കുളങ്ങളും വറ്റി. ഇതിനു പിന്നിലും പ്ലാന്റേഷൻ മരങ്ങളുടെ സാന്നിധ്യം ചെറുതല്ല. നീരുറവകളും വറ്റി. 

ഇതുമൂലം കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതും പതിവായിട്ടുണ്ട്. രൂക്ഷമായ പ്രത്യാഘാതങ്ങൾക്ക് അക്കേഷ്യ, മാഞ്ചിയം നട്ടു പിടിപ്പിക്കുന്നതു കാരണമാകുന്നുവെന്ന സാധ്യത നിലവിലുള്ളതിനാൽ ഇനിയുമൊരു പരീക്ഷണത്തിന് അനുവദിക്കില്ലെന്നു നാട്ടുകാർ പറയുന്നു. ചില സന്നദ്ധ സംഘടനകളും ഇതിനെ പിൻതാങ്ങി രംഗത്തു വന്നിട്ടുണ്ട്. എന്നാൽ, ഇതൊന്നും വക വയ്ക്കാതെ വീണ്ടും തൈകൾ വച്ചു പിടിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾക്കു ചുക്കാൻ പിടിക്കുകയാണു വനം വകുപ്പ്.


Post a Comment

0 Comments