Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിഴിഞ്ഞം രാജ്യാന്തര തുറമുഖം ആദ്യഘട്ട കടൽ തുരക്കൽ തീർന്നു; നമ്മൾ തുറമുഖത്തിലേക്ക്

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖ നിർമാണത്തോടനുബന്ധിച്ച ആദ്യഘട്ട ഡ്രജിങ് പൂർത്തിയായി. ആദ്യഘട്ട ജെട്ടി നിർമാണത്തിനുള്ള ആധുനിക യന്ത്രസാമഗ്രികൾ എത്തിത്തുടങ്ങി. ഇതിന്റെ ഭാഗമായി ക്രെയിനുൾപ്പെട്ട ജായ്ക്ക് അപ് ബാർജും എതാനും കൂറ്റൻ ക്രെയിനുകളും നിർമാണ സ്ഥലത്തെത്തി. ജെട്ടി നിർമാണത്തിനൊപ്പം ആധുനിക മൽസ്യബന്ധന തുറമുഖ നിർമാണ പദ്ധതിക്കും ഉടൻ തുടക്കമാവുമെന്നു സൂചന. 

മുംബൈ കേന്ദ്രമായുള്ള അറ്റ്ലാന്റിസ് ഷിപ്പിങ് കമ്പനി മുഖാന്തരം ഞായർ രാത്രി വൈകി എത്തിയ ടഗ്ഗ് ബാർജ് അടുപ്പിച്ച ശേഷം മടങ്ങി. ജെട്ടി നിർമാണത്തോടനുബന്ധിച്ചു വരുംദിവസങ്ങളിൽ കൊല്ലം തുറമുഖം വഴി ഇനിയും കൂടുതൽ ആധുനിക യന്ത്രസാമഗ്രികളെത്തുമെന്ന് അറ്റ്ലാന്റിസ് ഷിപ്പിങ് കമ്പനി മുതിർന്ന ശാഖാ മാനേജർ ജോയി പറഞ്ഞു. ആദ്യഘട്ട നിർമാണത്തിനാവശ്യമുള്ള ഡ്രജിങ് ഏരിയ പൂർത്തിയായതിനെത്തുടർന്ന് ഡ്രജറുകളിലൊന്നിനെ ഇവിടെ നിന്നു മടക്കിയേക്കുമെന്നു സൂചനയുണ്ട്. 

ശാന്തി സാഗർ പരമ്പരയിലെ ശാന്തി സാഗർ 12 എന്നു പേരുള്ള ആദ്യമെത്തിയ ഡ്രജറാണു മടക്കിക്കൊണ്ടു പോകുക എന്നറിയുന്നു. വലുപ്പമേറിയ ശാന്തി സാഗർ 10 ഇവിടെ തുടരും. ആദ്യഘട്ട നിർമാണത്തിനാവശ്യമായ 800X400 എന്ന അളവിലുള്ള സമുദ്രാന്തർ ഭാഗമാണ് ഇത്രയും കുറഞ്ഞ ദിവസത്തിനിടെ രണ്ടു ഡ്രജറുകളും ചേർന്നു ഡ്രജ് ചെയ്തതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. 13 മീറ്റർ ആഴമുണ്ടായിരുന്ന നിശ്ചിത സമുദ്രാന്തർ ഭാഗത്ത് 19 മീറ്റർ വരെ ആഴം വർധിപ്പിക്കാനായി എന്നാണു ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ആവശ്യമുള്ളതിനേക്കാൾ ഒരു മീറ്റർ വരെ കൂടുതൽ ആഴത്തിലാക്കാനായി എന്നും അധികൃതർ വിശദമാക്കി.

അടുത്ത ആഴ്ച മുതൽ കൊല്ലത്തു നിന്ന് കരിങ്കല്ലുകൾ

നിശ്ചിത അളവു വരെയുള്ള പ്രദേശം ഡ്രജ് ചെയ്തു പൂർത്തിയാക്കി എന്ന നിലയ്ക്കാണ് ഡ്രജറുകളിലൊന്നിനെ പിൻവലിക്കുന്നത്. ശാന്തിസാഗർ 12 എന്ന രണ്ടാമതെത്തിയ ഡ്രജറിന്റെ ശേഷി കൂടി ചേർന്നാണു ഡ്രജിങ് വേഗത്തിലാക്കാനായത്. ഇവിടെ തുടരുന്ന ഡ്രജർ ജോലി തുടരും. 

കഴിഞ്ഞ സീസണിലെപ്പോലെ ഇക്കുറിയും വർഷകാലത്തു ഡ്രജിങ് നിർത്തി വയ്ക്കും. മൂന്നു ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയിൽ ആദ്യം 800 മീറ്റർ നീളത്തിലുള്ള ജെട്ടി നിർമാണമാണു നടത്തുക.നിലവിൽ ഡ്രജ് ചെയ്തു കടൽ പിൻവാങ്ങി വിശാല തീരമായി രൂപപ്പെട്ട സ്ഥലത്താണ് വാർഫ് വരുക. ഇതിനു മുന്നിലായി കടലിൽ പൈലിങ് നടത്തിയാണു ജെട്ടി നിർമാണം. ഇതിനുള്ള തറയൊരുക്കവും സാങ്കേതിക സൗകര്യങ്ങളുടെ നിർമാണവും തുടങ്ങി.

മൺസൂൺ കാലത്തടക്കം ജെട്ടി നിർമാണം തടസ്സം കൂടാതെ നടക്കുമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇതിനൊപ്പം പുലിമുട്ടു നിർമാണവും പുരോഗമിക്കും. അടുത്ത ആഴ്ച മുതൽ കൊല്ലത്തു നിന്നു ബോട്ടം ഓപ്പൺ ബാർജുകളിൽ കരിങ്കല്ലെത്തുമെന്നാണു പ്രതീക്ഷ. ഇതിനായുള്ള ബാർജുകളും വൈകാതെ കൊല്ലത്തെത്തും. സാമൂഹിക പ്രതിബന്ധതാ പരിപാടിയിൽപ്പെടുത്തി നിർമിക്കുന്ന മൽസ്യബന്ധന തുറമുഖ നിർമാണത്തിനും ഇതിനൊപ്പം തുടങ്ങും.




Post a Comment

0 Comments