Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെയ്യാർ ഡാമിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം പൊട്ടി; 25 ലക്ഷം നഷ്ടം

നെയ്യാർഡാം: നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ നിർമാണത്തിലിരിക്കുന്ന പാലത്തിലെ ബീം പൊട്ടി. ആദ്യ ബീമിലെ മധ്യഭാഗത്തിനടുത്താണ് പൊട്ടൽ വീണത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്ട്രെസിങ് ജോലി പുരോഗമിക്കുന്നതിനിടെയാണു പൊട്ടലുണ്ടായത്. മരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബീമിലെ കേബിൾ സ്ട്രെസിങ് ജോലികൾ നടക്കുമ്പോഴാണ് ബീമിന്റെ ഒരു വശത്തോടടുത്ത് പൊട്ടലുണ്ടായത്. ഒന്നര മീറ്ററോളം നീളത്തിലാണ് പൊട്ടൽ വീണത്. 9.75കോടി രൂപ ചെലവിലാണ് പുതിയ പാലവും അപ്രോച്ച് റോഡും പണിയുന്നത്. മൂന്ന് ബീമുകൾ പണിതശേഷം അതിലാണ് സ്ലാബ് സ്ഥാപിക്കേണ്ടത്. രണ്ടു മാസം മുമ്പ് കോൺക്രീറ്റ് നടന്ന ആദ്യ ബീമാണ് ഇപ്പോൾ പൊട്ടിയത്. ഓരോ ബീമും പണിത ശേഷം, ഉയർന്ന സമ്മർദം നൽകി ഇതിനുള്ളിലെ കേബിൾ സ്ട്രെസ് ചെയ്യേണ്ടതുണ്ട്. ഈ ജോലി മരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ സുരേഷ് കുമാർ അസി.എക്സിക്യുട്ടീവ് എൻജിനീയർ ദീപ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടക്കുന്നതിനിടെയാണു ബീം പൊട്ടിയത്.

ബീമിന്റെ രണ്ടറ്റത്തും ഹ്രൈഡ്രോളിക് ജാക്ക് ഘടിപ്പിച്ച് ഉള്ളിലെ കേബിൾ പുറത്തേക്ക് വലിക്കുന്നതാണ് സ്ട്രെസിങ്. എട്ട് സെറ്റ് കേബിളാണുള്ളത്. അഞ്ചു സെറ്റും സ്ട്രെസ് ചെയ്തു. ആറാമത് സ്ട്രെസ് ചെയ്യുന്നതിനിടെയാണു ബീമിൽ പൊട്ടലുണ്ടായത്. ഇതോടെ സ്ട്രെസിങ് നിർത്തിവച്ചു. പൊട്ടൽ വീണ ബീം പൂർണമായി പൊളിച്ചുനീക്കി പുതിയതു പണിയണം. ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ബീം പൊട്ടിയതിലൂടെ കണക്കാക്കുന്നത്. 28 മീറ്ററിൽ കൂടുതൽ നീളമുള്ള പാലങ്ങൾ ഒറ്റ സ്പാനിൽ നിർമിക്കുന്നിടത്താണ് സാധാരണയായി ബീമുകൾ സ്ട്രെസ് ചെയ്യേണ്ടിവരുന്നതെന്നാണു മരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. ഏറെ ദുഷ്കരമാണ് സ്ട്രെസിങ് ജോലി. സഞ്ചാര കേന്ദ്രത്തിനകത്തു നെയ്യാറിനു കുറുകെ അമ്പൂരി–പന്ത പ്രദേശങ്ങളിലേക്കു പോകുന്ന പഴയ പാലത്തിനു ബലക്ഷയം ഉള്ളതിനാലാണ് പുതിയ പാലത്തിന് അനുമതി ലഭിച്ചത്. 2015 നവംബറിലായിരുന്നു ശിലാസ്ഥാപനം. 18 മാസമായിരുന്നു നിർമാണ കാലാവധി. ബീമിലുണ്ടായ പൊട്ടൽ സംബന്ധിച്ച് ചീഫ് എൻജിനീയർക്കു വിശദമായ റിപ്പോർട്ട് ഇന്നലെ സമർപ്പിച്ചു. നിർമാണത്തിനിടെ പൊട്ടൽ വീണതുകൊണ്ട് തന്നെ നഷ്ടം കരാറുകാരൻ സഹിക്കേണ്ടിവരും. നേരത്തെ ബീം കോൺക്രീറ്റിനടക്കം കൊണ്ടുവന്നിരുന്ന റെഡിമിക്സിന് നിലവാരം പോരെന്നു മനസ്സിലാക്കി ഉദ്യോഗസ്ഥർ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല.


Post a Comment

0 Comments