നെടുമങ്ങാട്: ഭരണ–പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റത്തിനും കയ്യാങ്കളിയ്ക്കുമിടയിൽ നെടുമങ്ങാട് നഗരസഭ കൗൺസിലിൽ 2017–18 സാമ്പത്തിക വർഷത്തേയ്ക്ക് 91,64,72,369 രൂപ വരവും 80,93,09,000 രൂപ ചെലവും 10,71,63,369 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപഴ്സൻ ലേഖാ വിക്രമൻ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു.ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ച പ്രകാരമല്ല ബജറ്റെന്നാരോപിച്ചായിരുന്നു പ്രതിപക്ഷം ബജറ്റവതരണം തടസ്സപ്പെടുത്തിയത്. ബഹളത്തിനിടയിൽ തന്നെ വൈസ് ചെയർപഴ്സൻ ബജറ്റ് അവതരണം തുടരുകയും ചെയ്തു. പ്രധാന പദ്ധതികളെ കുറിച്ചുള്ള ബജറ്റ് നിർദേശം ചുവടെ.
∙ നഗരസഭയെ കുടിൽ രഹിത നഗരസഭയാക്കും. പിഎംഎവൈ പ്രകാരം അനുമതി ലഭിച്ച 850 വീടുകൾക്കു പുറമേ പട്ടിക വികസന വകുപ്പിന്റെ 146 വീടുകൾ കൂടാതെ 100 വീടുകൾ കൂടി നടപ്പു സാമ്പത്തിക വർഷം ലഭ്യമാക്കും. ഇതിനായി 33 കോടിരൂപ വകയിരുത്തി.
∙ നഗരസഭാ പ്രദേശത്തെ മുഴുവൻ ഭൂപ്രദേശവും ഉപഗ്രഹ റിസോഴ്സ് മാപ്പിങ് നടത്തും. മുഴുവൻ പ്രവർത്തനങ്ങളും എൽപിഎസ്‍സി നിർവഹിക്കുമെന്നതിനാൽ ടോക്കനായി ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
∙ തെരുവുവിളക്കുകൾ മൂന്നുവർഷ വാറന്റിയോടെ സമ്പൂർണമായി എൽഇഡിയാക്കി മാറ്റും. 60 ലക്ഷം രൂപകൂടി വകയിരുത്തി.
∙ നഗരസഭാ ഓഫിസ് സോളർ സിസ്റ്റത്തിലേക്ക്– 20 ലക്ഷം രൂപ. ∙ ടൗൺ ഹാൾ നവീകരണം– വിവാഹം അടക്കമുള്ള ആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കാവുന്ന തരത്തിൽ നവീകരിക്കാൻ ഒരു കോടി.
∙ ജലസംരക്ഷണത്തിനു രണ്ടുകോടി രൂപ മാറ്റിവച്ചിട്ടുണ്ട്. 600 കിണറുകളുടെ റീചാർജിങും 824 തുറന്ന കിണറുകളുടെ ആഴം കുട്ടലും നടപ്പുവർഷം പൂത്തിയാക്കും. പ്രകൃതിജന്യ കുടിവെള്ള സ്രോതസുകൾ സംരക്ഷിച്ചും സമ്പൂർണ ജല സുരക്ഷ ഒരുക്കുമെന്നും ബജറ്റിൽ വിശദീകരിക്കുന്നു.
∙ മാർക്കറ്റ് അധുനിക സൗകര്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ.
∙ അങ്കണവാടികൾക്കു കെട്ടിടം നിർമിക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും അധിക സൗക്യങ്ങൾ ഏർപ്പെടുത്തുന്നതിനും മറ്റുമായി 25 ലക്ഷം രൂപയാണു നീക്കിവച്ചിരിക്കുന്നത്. പൊതു വിദ്യാലയങ്ങളുടെ സംരക്ഷണത്തിനും സ്മാർട്ട് ക്ലാസ് റൂം നിർമാണങ്ങൾക്കുമായി ഒന്നേമുക്കാൽ കോടി രൂപ.
∙ കർഷകർ പാൽ സൊസൈറ്റിക്കു നൽകുന്ന ഓരോ ലീറ്റർ പാലിനും രണ്ടുരൂപ നിരക്കിൽ സബ്സിഡിയും മറ്റും നൽകുന്നതിനായി അഞ്ചുലക്ഷം രൂപ.
∙ കല്ലമ്പാറയിലെ എൽപിജി ക്രിമിറ്റോറിയം പ്രാവർത്തികമാക്കുന്നതിനോടെപ്പം അധുനിക ക്രിമിറ്റോറിയം നിർമാണത്തിനു 65 ലക്ഷം രൂപ വകയിരുത്തി.
കൃഷിക്ക് ഒട്ടേറെ സഹായം
നാടൻ കാർഷികോൽപന്നങ്ങൾക്കു ന്യായവില ലഭ്യമാക്കുന്നതിനു കാർഷിക വിപണന കേന്ദ്രം സ്ഥാപിക്കും. 50 സെന്റിന് മുകളിൽ ജൈവപച്ചക്കറി കൃഷിയിൽ ഏർപ്പെടുന്ന 20 കർഷക കൂട്ടായ്മകൾക്കും സ്വയംസഹായ സംഘങ്ങൾക്കും കൃഷി ചെലവിന്റെ 90% വരെ സബ്സിഡി നൽകും. ഇതിലേക്കു 10 ലക്ഷം രൂപ വകയിരുത്തുന്നു. നഗരസഭയ്ക്കു പുതിയ ലൈബ്രറി മന്ദിരം പണിയുന്നതിനു 50 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.
റോഡിന് ഏഴുകോടി
പ്രധാന റോഡുകൾക്കും ലിങ്ക് റോഡുകൾക്കും മുൻഗണന നൽകി റോഡ് നവീകരണത്തിനായി ഏഴു കോടി രൂപയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുംബശ്രീ തൊഴിൽ സംരംഭങ്ങൾക്കു സബ്സിഡി നൽകുന്നതിനായി 30 ലക്ഷം രൂപ, മാലിന്യമുക്ത പ്ലാസ്റ്റിക്– ഇ വേസ്റ്റ് കലക്‌ഷൻ പദ്ധതിക്ക് ഒന്നര കോടി രൂപയും ഗ്രീൻപ്രോട്ടോകോൾ പരിപാടിക്ക് അഞ്ചു ലക്ഷം രൂപയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥിനികൾക്കു സ്വയം പ്രതിരോധത്തിനായുള്ള കരാട്ടെ, കളരിപ്പയറ്റ് അടക്കമുള്ള പരിശീലനങ്ങൾ സ്കൂൾ, കോളജ് തലത്തിൽ നൽകാൻ 15 ലക്ഷം രൂപയും ബഡ്സ്കൂൾ പദ്ധതിക്കു 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
വനിതാ വർക്കിങ് ഹോസ്റ്റൽ നിർമിക്കുന്നതിന് 45 ലക്ഷം രൂപയും പട്ടിക ജാതി കോളനികളുടെ സമഗ്ര വികസനത്തിനും മറ്റുമായി 1,41,37,000 രൂപയും ഭിന്നശേഷിക്കാർക്കു പരിരക്ഷ പദ്ധതിക്കായി 25 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്. വയോമിത്രം പദ്ധതി ഏപ്രിൽ ഒന്നുമുതൽ പൂർണമായും പ്രവർത്തിപഥത്തിൽ എത്തിക്കുന്നതിനു പത്തുലക്ഷം രൂപയും അമ്മാ സ്നേഹ ഭവൻ പദ്ധതിക്കും മറ്റുമായി ഒന്നരകോടി രൂപയും സാന്ത്വന പരിചരണത്തിനായി പത്തുലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടി
നഗരസഭാ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ച പ്രകാരമല്ല ബജറ്റെന്നാരോപിച്ചു യുഡിഎഫ്, ബിജെപി അംഗങ്ങൾ ബജറ്റവതരണം തടസ്സപ്പെടുത്തിയതിനെത്തുടർന്നുള്ള ഭരണ–പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയെ അവഗണിച്ചു തയാറാക്കിയ ബജറ്റ് വിശ്വാസയോഗ്യമല്ലെന്നുകാട്ടി പ്രതിപക്ഷം ബജറ്റ് രേഖകൾ കീറിയെറിയുകയും യുഡിഎഫിലെ വനിതാ കൗൺസിലർമാർ ബജറ്റ് അവതരിപ്പിച്ച വൈസ് ചെയർപഴ്സൻ ലേഖ വിക്രമനെ തടയാൻ ശ്രമിക്കുകയും ചെയ്തതോടെ കൗൺസിൽ യോഗത്തിൽ പ്രക്ഷുബ്ദ രംഗങ്ങൾ അരങ്ങേറിയത്. ഭരണ–പ്രതിപക്ഷ അംഗങ്ങൾ ചേരിതിരിഞ്ഞുണ്ടായ വാക്കേറ്റത്തിനിടയിൽ യുഡിഎഫിലെ എം.എസ്.ബിനു, കെ.ജെ.ബിനു എന്നിവരെ എൽഡിഎഫ് അംഗങ്ങളായ ഷാജി, സി.സാബു എന്നിവർ ചേർന്നു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ രംഗം പ്രക്ഷുബ്ദമായി. യുഡിഎഫിലെ വനിതാ അംഗങ്ങൾ കൗൺസിലർ ഫാത്തിമയുടെ നേതൃത്വത്തിൽ വൈസ് ചെയർപഴ്സന്റെ മൈക്ക് തട്ടിപ്പറിക്കുകയും ബജറ്റ് രേഖകൾ കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ എൽഡിഎഫിലെ വനിതാ അംഗങ്ങളുമായി ഉന്തും തള്ളുമുണ്ടായി. ഇരുപക്ഷത്തെയും മുതിർന്ന അംഗങ്ങൾ ഇടപെട്ടു രംഗം ശാന്തമാക്കി. പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ചു നഗരസഭാ കവാടത്തിൽ സമരം ആരംഭിച്ചപ്പോൾ ബിജെപിയിലെ നാലംഗങ്ങൾ ചെയർമാന്റെ ഡയസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബജറ്റവതരണത്തിനുശേഷം പ്രതിപക്ഷ നടപടിയെ അപലപിച്ചു ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പ്രമേയം അവതരിപ്പിക്കുകയും കൗൺസിൽ പാസാക്കുകയും ചെയ്തു. പരാതി നൽകും: കോൺ. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ച പ്രകാരമല്ല ബജറ്റ് തയാറാക്കിയതെന്നു കോൺഗ്രസ് കൗൺസിലർമാരായ വട്ടപ്പാറ ചന്ദ്രൻ, ടി.അർജുനൻ എന്നിവർ ആരോപിച്ചു. വരവിലും ചെലവിലും തുകകൾ പെരുപ്പിച്ചു കാട്ടി അവതരിപ്പിച്ചതു സംബന്ധിച്ചു നഗരകാര്യ റീജനൽ ഡയറക്ടർക്കും വകുപ്പ് സെക്രട്ടറിക്കും തങ്ങൾ പരാതി നൽകുമെന്നും ഇവർ അറിയിച്ചു. കൗൺസിലിൽ അഭിപ്രായം പറയുന്നവരെ കയ്യൂക്ക് കൊണ്ടു നേരിടാമെന്ന എൽഡിഎഫ് നയം വിലപ്പോവില്ലെന്നും കൗൺസിലർമാരെ മർദിച്ചവർക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.ജനങ്ങളെ പറ്റിച്ചു: ബിജെപിജനങ്ങളെ പറ്റിക്കുന്ന, യാഥാർഥ്യബോധമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബിജെപി നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ സുമയ്യാ മനോജും വിപ്പ് വിനോദിനിയും കൗൺസിർമാരായ സംഗീതാ രാജേഷ്, ഗീതാ വേണു എന്നിവർ അറിയിച്ചു. വാദം ബാലിശമെന്ന്ചെയർമാൻ
യുഡിഎഫ്, ബിജെപി അംഗങ്ങൾ ഉന്നയിക്കുന്ന വാദം ബാലിശമാണന്നു നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ആരോപിച്ചു. കോൺഗ്രസ്-ബിജെപി കുറുമുന്നണിയായാണു നഗരസഭയിൽ പ്രവർത്തിക്കുന്നതെന്നും ബജറ്റവതരിപ്പിക്കാൻ അനുവദിക്കില്ലന്ന് അവർ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതായും ചെയർമാൻ പറയുന്നു. നടപടി ക്രമങ്ങൾ പാലിച്ച് അവതരിപ്പിച്ച ബജറ്റ് കളളക്കണക്കാണെന്ന് ആരോപിച്ചു പ്രതിപക്ഷ അംഗങ്ങൾ നടത്തിയ ആക്രമണത്തെ ചെയർമാൻ അപലപിച്ചിട്ടുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.