Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഗ്രാമീണ മലയോര മേഖലയിൽ തീപിടിത്തം; ഫയർ ഫോഴ്സ് നെട്ടോട്ടത്തിൽ

വിതുര: ഗ്രാമീണ മലയോര മേഖലയിൽ തീപിടിത്തം നിത്യസംഭവമായി തുടരുന്നു. അപ്രതീക്ഷിത തീപിടിത്തം തടയാൻ കൈക്കൊണ്ട മുൻകരുതലുകളൊക്കെ പാഴായി. ബോധവൽക്കരണം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ടെങ്കിലും പൊതുജനത്തിലേക്കു പൂർണ തോതിൽ അതെത്താത്തതാണു പ്രശ്നം. മുൻകരുതലുകളെടുക്കാതെ പലയിടത്തും മലിന്യം കത്തിക്കുന്നതും വില്ലനാവുന്നു.

വേനലിന്റെ കാഠിന്യവും അശ്രദ്ധയും ഷോർട്ട് സർക്യൂട്ടുമൊക്കെ അപ്രതീക്ഷിത തീപിടിത്തത്തിനു കാരണമാകുമ്പോൾ നെട്ടോട്ടമോടുന്നതു ഫയർ ഫോഴ്സ് ജീവനക്കാരാണ്. ഏഴോളം പഞ്ചായത്തുകളുൾപ്പെടുന്ന വലിയ പരിധിയിൽ ഒരു ഫയർ സ്റ്റേഷനും എണ്ണപ്പെട്ട ജീവനക്കാരും പരിമിതമായ സൗകര്യങ്ങളും മാത്രമാകുമ്പോൾ സേവനം കുറ്റമറ്റ രീതിയിലൊരുക്കാൻ ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ അധികൃതർ നേരിടുന്നതു കനത്ത വെല്ലുവിളി.

വിതുര ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫിസിൽ ഈ വർഷം രണ്ടു മാസം പൂർത്തിയാകുമ്പോൾ ലഭിച്ച ഫയർ കോളുകളുടെ എണ്ണം സെഞ്ച്വറിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഇരട്ടിയിലേറെയാണ്. ആൾത്താമസമില്ലാത്ത മേഖലകളിൽ തീ പടർന്ന സംഭവമാണ് ഇതിലേറെയും. ഫയർ ലൈൻ ഒരുക്കാതെ മാലിന്യം കത്തിച്ചതിന്റെ തുടർച്ചയെന്നോണമാണു ചിലയിടത്തു തീ പടർന്നതെങ്കിൽ മറ്റു ചിലടയിടത്തു വ്യക്തി വൈരാഗ്യം തീർക്കാൻ അന്യന്റെ പുരയിടത്തിലേക്കു തീ വഴിതെളിച്ചു വിട്ടവരും കോളുകളുടെ എണ്ണം റെക്കോർഡിലേക്കെത്തിച്ചു.

പ്രധാന വനമേഖലകളൊക്കെ കത്തി; തീ അണയ്ക്കാൻ പല സ്ഥലത്തും ഫയർ ഫോഴ്സിന് എത്താൻ കഴിഞ്ഞില്ല

ഫയർ ആൻഡ് റസ്ക്യൂ വിതുര സ്റ്റേഷൻ പരിധിയിലെ പ്രധാന വനമേഖലയിലൊക്കെ തീ പടർന്നുപിടിച്ചു വൻ ജൈവ സമ്പത്ത് നശിച്ച ഒരു മാസക്കാലമാണു കടന്നു പോയത്. രണ്ടാഴ്ച മുൻപു കല്ലാർ– പൊന്മുടി റൂട്ടിൽ അപകട വളവുകളിൽ പടർന്നു പിടിച്ച തീ ഒന്നര മണിക്കൂർ കൊണ്ടാണു ഫയർ ഫോഴ്സ് സംഘം കെടുത്തിയത്. മരുതാമല ഐസർ ക്യാംപസിന്റെ പിൻഭാഗത്ത് അഞ്ചാളം തവണ തീപിടിത്തമുണ്ടായി. കാൽനടയായായി കിലോ മീറ്ററുകൾ താണ്ടിയാണു ഫയർ ഫോഴ്സ് സംഘം ഇവിടേക്കെത്തി തീയണച്ചത്.

വലിയകാല വനമേഖലയിൽ നാലു തവണയാണു തീപിടിച്ചത്. ഇതുവഴി വനമേഖലയിലെ ചൂട് വർധിച്ച സാഹചര്യത്തിൽ കാട്ടാനക്കൂട്ടം ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയോടു ചേർന്നു തമ്പടിച്ചിരിക്കുകയാണ്. ഈ വനത്തിനുള്ളിൽ നിന്നു വെള്ളം തേടി മക്കിയിലെ കുളത്തിൽ കുടങ്ങിയ കുട്ടിക്കൊമ്പനാണു കഴിഞ്ഞ ദിവസം ചരിഞ്ഞത്. മ്ലാവ്, കാട്ടുപോത്ത്, പന്നി തുടങ്ങിയവയും വനത്തിനുള്ളിലെ ചൂടിനെ അതിജീവിക്കാൻ നാടിറങ്ങുന്നു.

ആനപ്പാറ, കല്ലാർ വനമേഖലയിൽ കഴിഞ്ഞ ഒരു മാസത്തിനിടയ്ക്കു ഹെക്ടർ കണക്കിനു ഭാഗം അഗ്നിയ്ക്കിരയായി. ഇവിടെ ചില ഭാഗത്തു ഫയർ ഫോഴ്സിനെത്താനായില്ല. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചൂളിയാമല, ചെട്ടിയാംപാറ ഭാഗത്തും തീപിടിത്തം പതിവു സംഭവമാണ്. പത്തോളം തവണ ഇവിടെയെത്തി ഫയർ ഫോഴ്സ് സംഘം തീ കെടുത്തി. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഞാറനീലി വനത്തിലും കഴിഞ്ഞ ദിവസം തീ പടർന്നു പിടിച്ചു വലിയ നാശമുണ്ടായി. ആര്യനാട് പഞ്ചായത്തിലെ വനമേഖലയിലും പത്തോളം തവണ തീപിടത്തമുണ്ടായി.

ബോണക്കാട് കുരിശുമലയുടെ താഴ്‌ഭാഗം ദിവസങ്ങളായി കത്തുകയാണ്. ഇവിടേക്കു തീയണയ്ക്കാനുള്ള സംവിധാനങ്ങളുമായി ഫയർ ഫോഴ്സിനെത്താൻ ഇതുവരെ കഴി‍ഞ്ഞിട്ടല്ല. പൊന്മുടി വരയാട്ടുമൊട്ടയിലും വനമേഖല കത്തുന്ന പ്രവണത തുടരുന്നു. കേരളത്തിൽ വരയാടുകൾ കാണപ്പെടുന്ന രണ്ടു പ്രധാന സ്ഥലങ്ങളിലൊന്നാണു പൊന്മുടി വരയാട്ടുമൊട്ട എന്നതാണു ശ്രദ്ധേയമായ കാര്യം.



Post a Comment

0 Comments