Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സ്ത്രീസുരക്ഷ മുൻനിർത്തി സിറ്റി പൊലീസ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷന്റെ നെറുകയിൽ ആപ്പടിച്ച് അധികാരികൾ

തിരുവനന്തപുരം: സ്ത്രീസുരക്ഷ മുൻനിർത്തി സിറ്റി പൊലീസ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷന്റെ നെറുകയിൽ ആപ്പടിച്ച് അധികാരികൾ. ട്രിവാൻഡ്രം സിറ്റി പൊലീസ് ഐ സേഫ് എന്ന സ്ത്രീസുരക്ഷ മൊബൈൽ ആപ്ലിക്കേഷനെയാണ് യുഡിഎഫ് ഭരണകാലത്ത് ആരംഭിച്ചതാണെന്ന പേരിൽ പൊലീസ് തഴയുന്നത്.

ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ഐടി കമ്പനിയുമായി ചേർന്നാണ് 2015–ൽ സിറ്റി പൊലീസ് ഐസേഫ് എന്ന ആപ്ലിക്ക്ലേഷൻ പുറത്തിറക്കിയത് . 2015 ലെ വനിതാദിനത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു ഉദ്ഘാടനം . ഡൽഹി നിർഭയ സംഭവവും, സൗമ്യ കൊലക്കേസുമൊക്കെ മുൻനിർത്തി സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു ആപ്പ് പുറത്തിറക്കിയത് .

ഏഴു ജീവനക്കാർ ചേർന്നു മൂന്നു ദിവസം കൊണ്ടാണ് ആൻഡ്രോയിഡ് വേർഷനിലുള്ള പൂർണമായും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ആപ്പ് നിർമിച്ചത്. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന എച്ച്.വെങ്കിടേഷിന്റെയും ഡിസിപിയായിരുന്ന അജിത ബീഗത്തിന്റെയും പിന്തുണയോടെയാണ് ആപ്പ് പൊലീസ് സേവനത്തിനായി കൊണ്ടുവന്നത്. സാമൂഹികപ്രതിബദ്ധത മുൻനിർത്തിയുള്ള പദ്ധതിയായതിനാൽ ഇതിന്റെ പ്രചാരണത്തിനായുള്ള പരസ്യവിഡിയോയിൽ സിനിമാതാരം മഞ്ജുവാരിയർ സൗജന്യമായി അഭിനയിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ ജില്ല മുഴുവനുമുള്ള സർക്കാർ തിയറ്ററുകളിലുൾപ്പ‌െടെ ഇതിന്റെ പരസ്യം സംപ്രഷണം ചെയ്യുകയും വ്യാപകമായി ഡൗൺലോൺ‍ഡ് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് വെങ്കിടേഷ് സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനം ഒഴിഞ്ഞതോടെ ആപ്പിന്റെ കഥ കഴിഞ്ഞു. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ 9000 പേർ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനെ പറ്റി ഇപ്പോൾ പുറത്തറിയാത്തതിനാൽ ഇതിപ്പോൾ നിർജീവമായ നിലയിലാണ്.

രാജ്യത്ത് എവിടേക്കു യാത്ര ചെയ്താലും അടുത്തുള്ള പൊലീസ് സ്റ്റേഷനുകൾ അറിയാൻ വരെ സംവിധാനം

പൊലീസുമായി ബന്ധപ്പെടുത്തി സുരക്ഷയെ മുൻനിർത്തിയുള്ള ആറ് സേവനങ്ങളാണ് ആപ്പിലൂടെ നൽകുന്നത്. അപകടം സംഭവിച്ചാൽ അടിയന്തര സാഹചര്യത്തിൽ ആപ്ലിക്കേഷനിലെ ഐ സേഫ് എന്ന ഭാഗം തുറക്കുമ്പോൾ കാണുന്ന പാനിക് ബട്ടണോ, വോളിയം കുറയ്ക്കുന്നതിനുള്ള ബട്ടണോ വെറും ഏഴ് സെക്കൻഡ് അമർത്തിയാൽ നേരെ പൊലീസ് കൺ‌ട്രോൾ റൂമിലേയ്ക്കും ആപ്ലിക്ക്ലേഷനിൽ സേവ് ചെയ്തിരിക്കുന്ന മറ്റൊരു നമ്പറിലേയ്ക്കും സന്ദേശം പോകും.

ആപ്ലിക്കേഷനിൽ സേവ് ചെയ്തിരിക്കുന്ന നമ്പറിലേയ്ക്കു പോകുന്ന സന്ദേശത്തിനോടൊപ്പം ഒരു ലിങ്കുമുണ്ടാകും ഈ ലിങ്കിലൂടെ ഓരോ നിമിഷത്തിലും അപകടത്തിൽപ്പെട്ടയാൽ എ‌വിടെയെത്തിയെന്ന കാര്യം കൃത്യമായി സന്ദേശം ലഭിക്കുന്നയാൾക്ക് അറിയാം. കൂടാതെ കുറ്റകൃത്യങ്ങൾ കണ്ടാൽ അതിന്റെ ചിത്രമെടുത്തു പൊലീസ് കമ്മിഷണറിനും ഡപ്യൂട്ടി കമ്മിഷണർ തുടങ്ങിയവർക്കുൾപ്പെടെയുള്ളവർക്ക് ഉടനടി തന്നെ വാട്സ് ആപ്പിലൂടെ പരാതി നൽകാനുള്ള സംവിധാനം.

പരാതി ഓൺലൈനിലൂടെ തന്നെ തയാറാക്കി പൊലീസ് മേധാവികൾക്കുൾപ്പെടെ നൽകാനുള്ള റിപ്പോർട്ട് വൈലേഷൻ, രാജ്യത്ത് എവിടേക്കു യാത്ര ചെയ്താലും അടുത്തുള്ള പൊലീസ് സ്റ്റേഷനുകൾ അറിയുന്നതിനുള്ള സംവിധാനം, ഓരോ ട്രാഫിക് നിയമലംഘനങ്ങൾക്ക് എത്ര രൂപ ഫൈൻ അടക്കണം .

ഇ– എഫ്ഐആർ, പൊലീസിനു നൽകിയ പരാതിയുടെ നിലവിലുള്ള സ്ഥിതി അറിയാനുള്ള സംവിധാനം, ക്യാമറയിലൂടെ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾക്കു പിഴ ഓൺലൈനായി അടക്കുന്നതിനുള്ള സംവിധാനം, അടുത്തുള്ള ആശുപത്രികൾ, പെട്രോൽ പമ്പ്, എടിഎം എന്നിവ അറിയാനുള്ള സംവിധാനം, ഓരോ വാഹനങ്ങളുടെയും വേഗപരിധി തുടങ്ങിയ വിവിധ സേവനങ്ങളാണ് ആപ്പ് നൽകുന്നത്.

പാനിക് ബട്ടൺ അമർത്തിയാൽ പൊലീസ് സേവനം ലഭിക്കുന്ന പദ്ധതിയാണ് തട്ടിൻപുറത്ത്

തിരുവനന്തപുരം നഗരത്തിലെ പൊലീസ് കൺട്രോൾ റൂമുമായി മാത്രം ബന്ധപ്പെടുത്തി പുറത്തിറക്കിയതിനാൽ ഐ സേഫ് ആപ്പുമായി മറ്റു ജിലകളിലേയ്ക്കു സഞ്ചരിച്ചാൽ പാനിക് ബട്ടൺ അമർത്തുമ്പോൾ തിരുവനന്തപുരത്തെ കൺട്രോൾ റൂമിലേയ്ക്കു മാത്രമേ സന്ദേശം പോകുകയുള്ളൂ.

എന്നാൽ ആപ്പിലെ മറ്റു സേവനങ്ങൾ മറ്റു ജില്ലകൾക്കനുസൃതമായി ലഭിക്കും. ഐ സേഫിലെ പാനിക് ബട്ടൺ എന്ന അടിയന്തര സേവനം നഗരത്തിലെ പരീക്ഷണത്തിനു ശേഷം സംസ്ഥാന തലത്തിൽ മറ്റു ജില്ലകളിലേയ്ക്കു വ്യാപിപ്പിക്കാനും, ഐഒഎസ്, വിൻഡോസ് പ്ലാറ്റ് ഫോമുകളിലും ഇറക്കാനുമായിരുന്നു കമ്പനിയുടെ തീരുമാനം. എന്നാൽ കുറച്ചുനാളിനു ശേഷം ആപ്പിനെ പൊലീസ് തഴഞ്ഞതോടെ ഈ ശ്രമം ഉപേക്ഷിച്ചു.

എന്നാൽ കൊച്ചിയിൽ നടിയുൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ അടുത്തിടെ ആപ്പ് പ്രവർത്തനം ഊർജിതപ്പെടുത്താൻ ഡിജിപിയെയും ഇപ്പോഴത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറെയും സമീപിച്ചെങ്കിലും താൽപര്യമില്ലാത്ത രീതിയിലായിരുന്നു സമീപനമെന്നു ടെക്കികൾ പറയുന്നു.

മൊബൈൽ ആപ്പിന് കിട്ടിയത് മികവിന്റെ മൂന്ന് അവാർഡുകൾ 

2015 ൽ ഗോവൻ സർക്കാരിന്റെ ഏറ്റവും മികച്ച മൊബൈൽ സാങ്കേതികവിദ്യയ്ക്കുള്ള എലിറ്റ്സ് നോളജ് എക്സ്ചേഞ്ച് അവാർഡ്,‍ 2015, 2016 എന്നീ വർഷങ്ങളിൽ എട്ട് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടായിരുന്ന ഡൽഹിയിൽ നടന്ന ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷന്റെ മൊബൈൽ ഇന്നവേഷൻ ഫോർ ഡവലപ്മെന്റ് അവാർഡ്.

പുതിയ സ്ത്രീസുരക്ഷ പദ്ധതി വരും: കമ്മിഷണർ 

ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർ കുറവായതിനാൽ ഇനി ഇത് പ്രായോഗികമാണെന്നു തോന്നുന്നില്ല. ആപ്പ് ഇൻസ്റ്റലേഷനായി പൊലീസിന് ഒരുപാട് തുക ചെലവാകും. അതുകൊണ്ട് വെബ് അടിസ്ഥാനമാക്കി പുതിയ സ്ത്രീസുരക്ഷ മുൻനിർത്തിയുള്ള പദ്ധതികൾക്കു രൂപം നൽകാനാണ് പൊലീസിന്റെ തീരുമാനം. 




Post a Comment

0 Comments