വിതുര: ഗ്രാമീണ മേഖല കനത്ത വേനലിൽ വെന്തുരുകുന്നു. താപനില ശരാശരിക്കും മീതെ ഉയർന്നതോടെ മിക്ക കുളങ്ങളും കിണറുകളും വറ്റി. ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഗ്രാമീണ മേഖലയിലെ അറുപത് ശതമാനത്തോളം ജലാശയങ്ങളിൽ നാമ മാത്രമായേ കുടിവെള്ളവെള്ളൂവെന്നതു നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പൊതു ജനം കുടിനീരിനായി പരക്കം പായുകയാണ്. ജല ക്ഷാമം കാർഷിക മേഖലയെ ഇതിനകം തന്നെ നന്നായി ബാധിച്ചിട്ടുണ്ട്. പല കൃഷിയിടങ്ങളിലും വിളകൾ കരിഞ്ഞുണങ്ങി തുടങ്ങി. ജലസേചനത്തിനു മാർഗമില്ലാതെ കർഷകർ ദുരിതത്തിലാണ്. കനത്ത വിളവ് പ്രതീക്ഷിച്ചു ആയിരക്കണക്കിനു രൂപ മുടക്കി വിളയിറക്കിയ വാഴ കർഷകരാണ് ഇതിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.
തൊളിക്കോട് പഞ്ചായത്തിലെ പൊൻപാറ, ചെട്ടിയാംപാറ, തേവൻപാറ, തുരുത്തി, നാഗര, ആനപ്പെട്ടി പ്രദേശങ്ങളിൽ ജല ലഭ്യത പകുതിയിലേറെ താഴ്ന്നു. വിതുര പാഞ്ചായത്തിലെ കാലൻകാവ്, കളീയ്ക്കൽ, മണിതൂക്കി, ചപ്പാത്ത്, കാലൻകാവ്, മാങ്കാല, തള്ളച്ചിറ തുടങ്ങിയ പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വാമനപുരം നദിയിലെ ജല നിരപ്പ് ഒരു പരിധി വരെ താഴ്ന്നു. പലയിടത്തും ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിർത്തിയാണു ഉപഭോഗം നടക്കുന്നത്. ചിലയിടത്തു മാലിന്യം തള്ളുന്നതു ഉള്ള ജലത്തെ ഉപയോഗിക്കാൻ പാറ്റാത്ത അവസ്ഥയിലെത്തിച്ചു. കല്ലാർ നദിയിലേക്കൊഴുകിയെത്തുന്ന ചെറു കാട്ടരുവികളിലും ജല നിരപ്പ് താഴ്ന്നിരിക്കുകയാണ്. ഏപ്രിൽ മാസത്തിലേക്കു കടക്കുന്നതിനു മുൻപ് ഇത്രയും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതു ഇതാദ്യമാണ്.
അതിനാൽ വേനലിനെ ചെറുക്കാൻ പഞ്ചായത്തുകൾ കാര്യക്ഷമമായി ഇടപെടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു തുടങ്ങിയിട്ടു നാളുകളേറെയായി. എന്നാൽ കുടിവെളള വിതരണത്തിന്റെ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്നിരിക്കെ ആ ഭാഗത്തു നിന്നുമുള്ള ഇടപെടൽ ആശാവഹമല്ലെന്നാണു പഞ്ചായത്ത് അധികൃതർ ഉയർത്തുന്ന ആരോപണം. വിതുര, തൊളിക്കോട് ഗ്രാമ പഞ്ചായത്തുകളിലെ ചിലയിടങ്ങളിൽ മുൻപ് നടപ്പിലാക്കിയ കുടിവെള്ള പദ്ധതികൾ ഈ വേനൽ കാലത്തു ജനത്തിനു ഉപയോഗപ്പെടുന്നില്ലെന്ന പരാതിയും ശക്തമാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.