Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെള്ളം തേടി നാട്ടിലേക്കെത്തി കുളത്തിൽ കുടുങ്ങിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

വിതുര: കാട്ടിൽനിന്നു വെള്ളം തേടി നാട്ടിലേക്കെത്തി കുളത്തിൽ കുടുങ്ങിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. കുളത്തിൽനിന്ന് ഒന്നര കിലോമീറ്റർ മാറി വനത്തിലാണ് ആനയെ ഇന്നലെ രാവിലെയോടെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദേഹത്തിന്റെ പല ഭാഗത്തായി എട്ടോളം മുറിവുകളുമായി വലിയകാല വനമേഖലയിൽനിന്നു മരുതാമല മക്കി ജനവാസ മേഖലയിലെ സ്വകാര്യ കൃഷിയിടത്തിലെത്തിയ ആന ഞായറാഴ്ച രാത്രിയോടെ കുളത്തിൽ കുടുങ്ങിയിരുന്നു. ചതുപ്പിനോടു ചേർന്ന കുളത്തിലേക്കിറങ്ങിയ ആന മുന്നോട്ടു നീങ്ങാൻ കഴിയാത്തവിധം മണിക്കൂറുകളോളം കുളത്തിൽ കിടന്നു. സ്വയം പണിപ്പെട്ടു കരയ്ക്കു കയറിയ ആന അവശനിലയിൽ കാട്ടിലേക്കു മടങ്ങിയിരുന്നു. 

കുളത്തിൽനിന്നു കരയ്ക്കു കയറ്റി ആനയ്ക്കു വിദഗ്ധ ചികിത്സ നൽകണമെന്നു നാട്ടുകാരുൾപ്പടെ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഡോക്ടർ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞു വനം അധികൃതർ അതിനു മുതിർന്നില്ല. ആവശ്യം ശക്തമായപ്പോൾ ആനയെ ഉൾവനത്തിൽനിന്നു കണ്ടെത്തി വനം വകുപ്പ് സർജൻ ഡോ. ജയകുമാറിനെ മലയാറ്റൂരിൽനിന്നു വരുത്തി പിന്നീടു ചികിത്സിക്കാമെന്നായിരുന്നു വനം അധികൃതരുടെ നിലപാട്. 

കുട്ടിക്കൊമ്പൻ ചരിഞ്ഞതറിഞ്ഞു പരുത്തിപ്പള്ളി വനം റേഞ്ച് ഓഫിസർ ദിവ്യ എസ്.എസ്.റോസ് ഇന്നലെ രാവിലെയോടെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങി. തുടർന്നു ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. നന്ദകുമാർ, ഡോ. സഞ്ജയ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടന്നു. കഴുത്തിലെ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു ഡോക്ടർ പറഞ്ഞു. മറ്റു കൊമ്പന്മാരുടെ കുത്തേറ്റാകാം ദേഹമാസകലം മുറിവേറ്റതെന്നാണു ഡോക്ടർമാരുടെ നിഗമനം. 


Post a Comment

0 Comments