പാലോട്: ചെല്ലഞ്ചി പാലത്തിനു ഭൂമിവിട്ടു നൽകിയവരുടെ കണ്ണീരിന് ഒടുവിൽ പരിഹാരമായി നഷ്ടപരിഹാര തുകയുടെ ചെക്ക് വിതരണം നടത്തി. പാലത്തിനും അപ്രോച്ച് റോഡിനുമായി ഭൂമി വിട്ടുനൽകിയ 38 പേരിൽ 28 പേർക്കാണു ചെക്ക് നൽകിയത്. മറ്റുള്ളവർക്കു രേഖകൾ പൂർത്തിയാകുന്ന മുറയ്ക്കു നൽകുമെന്ന് എംഎൽഎ ഡി.കെ.മുരളി അറിയിച്ചു. ഒരു കോടി 80ലക്ഷം രൂപയാണു നഷ്ടപരിഹാര തുകയായി നൽകുന്നത്.
18മാസം കൊണ്ടു പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട് 2010 ജൂലൈ എട്ടിനു ശിലയിട്ടു തുടങ്ങിയ ചെല്ലഞ്ചിപാലം പണിയുടെ നാൾവഴിയും വികസനം ആഗ്രഹിച്ചു ഭൂമി വിട്ടുനൽകിയവർക്കു തുക നൽകാത്തതു വിവാദങ്ങളുടെയും സമരങ്ങളുടെയും പത്രവാർത്തകളുടെയും വേലിയേറ്റം തന്നെ സൃഷ്ടിച്ചു. ഇതിൽ നാടിനൊപ്പം നിന്നു ‘മനോരമ’യുടെ ഇടപെടൽ ഇടമുറിയാത്തതായിരുന്നുവെന്നു നാട്ടുകാർ മറക്കുന്നില്ല. വാർത്തകളോടൊപ്പം തന്നെ നഷ്ടപരിഹാര തുകയുടെ ചുവപ്പുനാട അഴിക്കുന്നതിൽ പുതിയ ജനപ്രതിനിധിയായി വന്ന ഡി.കെ.മുരളി എംഎൽഎയുടെ നിരന്തര ഇടപ്പെടൽ നഷ്ടപരിഹാര തുക ലഭിക്കുന്നതിനു വേഗംകൂട്ടിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാലം പണിയുടെ കാര്യത്തിലും മുടങ്ങികിടന്ന പണികൾ പുനരാംരംഭിച്ചു മുടങ്ങാതെ തുടരുകയാണ്. അരനൂറ്റാണ്ടിലേറെ കാലത്തെ ചിരകാല സ്വപ്നത്തിന്റെ പൂർത്തീകരണ ഘട്ടത്തിലാണു ചെല്ലഞ്ചി പാലം. ചെല്ലഞ്ചി എൽപി സ്കൂളിൽ പരപ്പിൽ ശാന്തകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എംഎൽഎ ചെക്കുകൾ വിതരണം നടത്തി. വാർഡ് അംഗം ജി.ആർ.പ്രസാദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.ദിവാകരൻനായർ തുടങ്ങിയവർ സംബന്ധിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.