തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു മറ്റന്നാൾ തുടക്കം. 11നാണു ചരിത്രപ്രസിദ്ധമായ പൊങ്കാല. രാവിലെ 10.45നു പണ്ടാര അടുപ്പിൽ ആദ്യത്തെ അഗ്നിനാളം തെളിയും. ഉച്ചയ്ക്ക് 2.15നാണു നൈവേദ്യം. 40 ലക്ഷം പേർ ഇത്തവണ പൊങ്കാലയിടാൻ എത്തുമെന്നാണു പ്രതീക്ഷയെന്നും ഉത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
മൂന്നിനു രാവിലെ ഒൻപതിനാണു കാപ്പുകെട്ടി കുടിയിരുത്തൽ. പന്തൽ കെട്ടി കണ്ണകീചരിതം പ്രകീർത്തിച്ചു തോറ്റംപാട്ടു പാടി ദേവിയെ കുടിയിരുത്തും. കൊടുങ്ങല്ലൂർ ദേവിയെ ആവാഹിച്ചു പത്തു ദിവസം ഇവിടെ കുടിയിരുത്തുന്നുവെന്നാണു സങ്കൽപം. 11നു രാവിലെ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം തോറ്റംപാട്ടിലൂടെ പാടിക്കഴിഞ്ഞാലുടൻ ശ്രീകോവിലിൽനിന്നു തന്ത്രി ദീപം പകർന്നു മേൽശാന്തിക്കു കൈമാറും. തുടർന്നു മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം സഹമേൽശാന്തിമാർക്കു നൽകും. ഇവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും തീ പകരും. അറിയിപ്പു വരുന്ന മുറയ്ക്കു ഭക്തർ വായ്ക്കുരവകളോടെ അടുപ്പിൽ തീ കത്തിക്കും. പൊങ്കാല നൈവേദ്യം സമർപ്പിക്കുന്നതിനെക്കുറിച്ച് ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. നേത്രാഗ്നികൊണ്ടു മധുരാ നഗരത്തെ ചുട്ടെരിച്ച കണ്ണകീ ദേവിയെ സാന്ത്വനിപ്പിക്കാൻ സ്ത്രീകൾ പൊങ്കാല ഇട്ടു നിവേദിച്ചു എന്നതാണ് ഐതിഹ്യങ്ങളിൽ പ്രസിദ്ധം.
ഉത്സവ ദിവസങ്ങളിൽ ദിവസവും രാത്രി 12നു ദീപാരാധനയ്ക്കുശേഷം നേർച്ച വിളക്കുകെട്ടുകൾ ക്ഷേത്രത്തിനെ വലംവയ്ക്കും. വർണക്കടലാസുകളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ചാണു വിളക്കുകെട്ടുകൾ തയാറാക്കുന്നത്.പൊങ്കാലയോടനുബന്ധിച്ചു സർക്കാരിന്റെയും കോർപറേഷന്റെയും സഹായത്തോടെ പൊലീസ്, മെഡിക്കൽ സേവനം, ശുദ്ധജല വിതരണം, വൈദ്യുതി സൗകര്യം, ഫയർഫോഴ്സ്, ഗതാഗതം, സാനിട്ടറി ശുചീകരണങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഇത്തവണ കൂടുതൽ തിരക്കുണ്ടാകുമെന്നതു കണക്കിലെടുത്തു വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നടത്തിപ്പിന് 111 പേരുടെ ജനറൽ കമ്മിറ്റിക്കു പുറമെ പ്രോഗ്രാം, പബ്ലിസിറ്റി, റിസപ്ഷൻ, അക്കോമഡേഷൻ, മെസ്, കുത്തിയോട്ടം, വൊളന്റിയേഴ്സ്, അന്നദാനം, പ്രൊസഷൻ ആൻഡ് താലപ്പൊലി കമ്മിറ്റികളും പ്രവർത്തനം ആരംഭിച്ചു. ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പൊങ്കാല തത്സമയം സംപ്രേഷണം ചെയ്യും. പൊങ്കാല വേളയിൽ ചില വൊളന്റിയർമാർ നിർബന്ധമായി പണം വാങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഭക്തർ ഇതു നിരുത്സാഹപ്പെടുത്തണമെന്നും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ കെ.പി.രാമചന്ദ്രൻ, പ്രസിഡന്റ് വി.ചന്ദ്രശേഖരൻ പിള്ള, സെക്രട്ടറി കെ.ശിശുപാലൻ എന്നിവർ അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.