Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആറ്റുകാൽ പൊങ്കാല ഉൽസവം അരികെ, ഭക്തിയുടെ ലഹരിയിൽ നഗരം

ആറ്റുകാൽ: പൊങ്കാല ഉത്സവം ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ആറ്റുകാൽ ഭഗവതി ക്ഷേത്രവും പരിസരവും ഭക്തിലഹരിയിൽ. നാളെ രാവിലെ 8.30നു ദീപാരാധനയ്ക്കു ശേഷം ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണു പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു തുടക്കമാകുക. ഉത്സവത്തിനു മുന്നോടിയായി ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തുന്ന മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ക്ഷേത്രവും പരിസരവും ദീപാലങ്കാരങ്ങളിൽ മുങ്ങി. 

നാളെ പുലർച്ചെ 4.30നു ദേവിയെ പള്ളിയുണർത്തും. അഞ്ചിനു നിർമാല്യ ദർശനത്തിനു ശേഷം 5.30ന് അഭിഷേകം. തുടർന്നു ദീപാരാധന. ഏഴിന് കളകാഭിഷേകവും 8.30നു പന്തീരടി പൂജയും നടത്തിയ ശേഷമാണു ദേവിയെ കുടിയിരുത്തുന്നത്. പച്ചപ്പന്തൽ കെട്ടി കണ്ണകീചരിതം പ്രകീർത്തിച്ചു കൊണ്ട് തോറ്റം പാട്ടുപാടിയാണ് ദേവിയെ കുടിയിരുത്തുന്നത്. കൊടുങ്ങല്ലൂർ ദേവിയെ ആവാഹിച്ചു പത്തു ദിവസവും കുടിയിരുത്തുന്നുവെന്നാണു സങ്കൽപം. 

കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിനു നടൻ ജയറാമും .അംബാപ്രസാദം പൊങ്കാല സ്പെഷൽ പതിപ്പിന്റെ പ്രകാശനം നടൻ മണിയൻപിള്ള രാജുവും നിർവഹിക്കും.ക്ഷേത്രം ട്രസ്റ്റിന്റെ അംബാപുരസ്കാരം വൈകിട്ട് ആറിനു പിന്നണി ഗായകൻ ഹരിഹരനു സമ്മാനിക്കും. നാളെ രാത്രി നടി ലക്ഷ്മി ഗോപാലസ്വാമിയും 25 നർത്തകിമാരും ചേർന്നവതരിപ്പിക്കുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ ഗണേശം രംഗാവിഷ്കാരവുമുണ്ടാകും. 

സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിലും പരിസരത്തും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. മരാമത്തു വകുപ്പിന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ നടത്തുന്ന പണികളും പൊങ്കാലയ്ക്കു മുമ്പ് തീർക്കാൻ കഴിയുന്ന വിധത്തിൽ പുരോഗമിക്കുന്നു. 

മറ്റു വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. എട്ടിന് മുമ്പ് മരാമത്തു പണികൾ പൂർത്തിയാക്കണമെന്നു ജില്ലാ കലക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഉത്സവ ദിവസം മുതൽ ശുചീകരണം നടത്താനുള്ള സജ്ജീകരണം കോർപറേഷന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തി.



Post a Comment

0 Comments