Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അക്കേഷ്യാ പ്ലാന്റേഷനിൽ ജോലിക്കെത്തിയ തൊഴിലാളികളെ കടന്നൽക്കൂട്ടം ആക്രമിച്ചു

ആര്യനാട്: വനത്തിനുള്ളിലെ അക്കേഷ്യാ പ്ലാന്റേഷനിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കു നേരെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം. അനവധി പേർക്കു പരുക്കേറ്റു. ഗുരുതര പരുക്കേറ്റ കീഴ്‌പാലൂർ മിച്ചഭൂമി സ്വദേശിയായ മോഹനൻ(50), നെടുമങ്ങാട് സ്വദേശി ബിനു(48) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒൻപതോടെയാണു സംഭവം. കീഴ‌്പാലൂർ സ്വദേശികളായ ഓമന, രാജയ്യൻ, ഓമന പുറുത്തിപ്പാറ കോളനി സ്വദേശികളായ ബാബു, അനിത, ജോയി, മധു, സുരൻ, മീനാങ്കൽ സ്വദേശികളായ വിജയൻ, കരിപ്പാലം സ്വദേശികളായ ഭാസ്കരൻ, രജി, ബിന്ദു, ഷിനു, സനൽ തുടങ്ങി അനവധി പേർ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

പരുത്തിപ്പള്ളി റേഞ്ചിന്റെ കീഴിലെ കുട്ടപ്പാറ സെക്‌ഷൻ പരിധിയിൽ വരുന്ന കുട്ടപ്പാറ അക്കേഷ്യാ പ്ലാന്റേഷനിൽ ജോലിക്ക് എത്തിയ തൊഴിലാളികളെയാണു കടന്നൽക്കൂട്ടം ആക്രമിച്ചത്. നൂറോളം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നെങ്കിലും കടന്നൽക്കൂട്ടത്തെ കണ്ട് മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. രാവിലെ എട്ടിനു ജോലി ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിലാണു കടന്നലിന്റെ ആക്രമണമുണ്ടായത്. കടന്നൽ പാഞ്ഞടുക്കുന്നതിനാൽ മറ്റുള്ളവർക്ക് ഉടനടി രക്ഷാപ്രവർത്തനം നടത്താനും കഴിയാതെ വന്നു. 

ഒടുവിൽ വനംവകുപ്പ് അധികൃതരും നാട്ടുകാരും മറ്റു തൊഴിലാളികളും ചേർന്നാണു വാഹനങ്ങളിൽ കടന്നലിന്റെ ആക്രമണത്തിൽപ്പെട്ടവരെ രക്ഷിച്ചത്. ഇതിനു സമീപത്തെ പൊടിയകാല വനപ്രദേശത്തു പടർന്ന കാട്ടുതീ നിയന്ത്രിക്കാനായതു കഴിഞ്ഞദിവസം ഉണ്ടായ വേനൽമഴയോടെയാണ്‌. പരിശോധനയിൽ കടന്നൽക്കൂട്ടത്തിന്റെ കൂട് സമീപത്തെ‌ാന്നും കണ്ടെത്താനാകാത്തതോടെ, തീയിൽ നിന്നും രക്ഷപ്പെട്ടെത്തിയ കടന്നൽക്കൂട്ടങ്ങളാവാം ആക്രമിച്ചതെന്നും ഇവർ പറയുന്നു.


Post a Comment

0 Comments