ആര്യനാട്: കെഎസ്ആർടിസി ഡിപ്പോയിൽ ബസുകളുടെ അഭാവം മൂലം സർവീസുകൾ മുടങ്ങുന്നു. 41 ഷെഡ്യൂളുകളുള്ള ഡിപ്പോയിൽ നിന്നു ദിവസവും മുടങ്ങുന്നതു പത്തോളം സർവീസുകൾ. അറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കുന്നതുമൂലം യാത്രക്കാർ പെരുവഴിയിൽ. കൂടുതൽ സർവീസുകളും മലയോര മേഖലകളിലേയ്ക്കായതിനാൽ ഇൗ പ്രദേശങ്ങളിലേയ്ക്കുള്ള യാത്രാക്ലേശവും രൂക്ഷം. മുഴുവൻ സർവീസുകളും നിരത്തിലിറങ്ങാൻ 42 ബസ് വേണ്ടിടത്തു ഡിപ്പോയിലുള്ളത് 38 എണ്ണമാണ്. ഇതിലാണെങ്കിൽ അഞ്ചെണ്ണം കട്ടപ്പുറത്തും. കല്ലാമം, കാപ്പുകാട്, തേവിയാരുകുന്ന്, അയ്യപ്പൻകുഴി, നെടുമങ്ങാട്, ഇൗഞ്ചപ്പുരി സർവീസുകളാണ് മുടങ്ങുന്നത്. ബസിന്റെ കുറവിനെ തുടർന്നു പല സർവീസുകളും മാറ്റിയും തിരിച്ചുമൊക്കെ നടത്തിയാണ് അധികൃതർ യാത്രക്ളേശത്തിനു പരിഹാരം കാണുന്നത്.
കണക്‌ഷൻ കുറവായ സർവീസുകൾ റദ്ദാക്കുമ്പോൾ, തുടങ്ങാത്ത ഷെഡ്യൂളുകളിലെ വരുമാനമുള്ള സർവീസും ആരംഭിക്കുന്നില്ല. ആറ് ചെയിൻ സർവീസും അഞ്ച് ഫാസ്റ്റും ഒരു സ്റ്റേ സർവീസും ഒരു ജൻറം ഉൾപ്പെടെ 41 സർവീസാണ് ഡിപ്പോയിലുള്ളത്. പ്രതിദിനം 3.5 ലക്ഷം രൂപ ശരാശരി വരുമാനം ലഭിച്ചുകൊണ്ടിരുന്നിടത്തു സർവീസുകൾ അടിക്കടി മുടങ്ങുന്നതോടെ ഇപ്പോൾ 2.75 ലക്ഷം രൂപയിലേക്കു ചുരുങ്ങിയിട്ടുണ്ട്. മൂന്നു ബസുകൾ പൊളിച്ചുമാറ്റിയതിനു പകരം ഒരു ബസാണ് ഡിപ്പോയ്ക്കു ലഭിച്ചത്. പൊളിച്ചുമാറ്റുന്ന സർവീസുകൾക്ക് പകരം ബസ് നൽകിയാൽ മാത്രമേ കാര്യക്ഷമമായി സർവീസുകൾ നിരത്തിലിറക്കാൻ കഴിയൂ. എൻജിൻ തകരായ രണ്ട് ബസുകൾ മാസങ്ങളായി കട്ടപ്പുറത്തു തന്നെ. ആറുമാസമായി ഡിപ്പോയിൽ എടിഒയും ഇല്ല.
സർവീസുകൾ റദ്ദാക്കുന്നതോടെ അതിരാവിലെ ജോലിക്കായി എത്തുന്ന ജീവനക്കാർക്കും തിരികെ മടങ്ങേണ്ടിവരുന്നു. സ്പെയർ പാർട്സുകളുടെ അഭാവവും സർവീസിനെ കാര്യമായി ബാധിക്കുന്നുണ്ട്. കെഎസ്ആർടിസി സർവീസുകൾ മുടങ്ങുന്നതു സമാന്തര സർവീസുകൾക്ക് ചാകരകൊയ്ത്താണ്. ഡ്യൂട്ടി കഴിഞ്ഞാൽ ജീവനക്കാർ മദ്യപിച്ചു ഡിപ്പോയ്ക്കുള്ളിൽ പോർവിളി നടത്തുന്നതായും ആക്ഷേപമുണ്ട്. അഞ്ച് ബസ് കൂടി ലഭിച്ചാൽ മാത്രമേ സർവീസുകൾ മുടക്കം കൂടാതെ സർവീസ് നടത്താൻ കഴിയുകയുള്ളൂവെന്നു ജീവനക്കാർ പറയുന്നു. അടിയന്തരമായി ബസുകൾ അനുവദിച്ച് ഷെഡ്യൂൾ സർവീസുകൾ മുടങ്ങാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യാത്രാക്കാർ പറയുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.