Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇരുമ്പ–കാച്ചാണി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിന്റെ നിർമാണോദ്ഘാടനം 13ന്

അരുവിക്കര: അരുവിക്കര നിയോജക മണ്ഡലത്തെ തലസ്ഥാന നഗരവുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ–കാച്ചാണി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച തുടങ്ങുമെന്ന് കെ.എസ്.ശബരീനാഥൻ എംഎൽഎ അറിയിച്ചു. റോഡിന്റെ നിർമാണോദ്ഘാടനം 13നു വൈകിട്ട് അഞ്ചിനു മന്ത്രി ജി.സുധാകരൻ നിർവഹിക്കും. അരുവിക്കര ഉപതിരഞ്ഞെടുപ്പുസമയത്ത് ഏറെ ചർച്ചയായ റോഡാണിത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ റോഡിലെ കുഴിയിലൂടെ സഞ്ചരിക്കുന്ന ചിത്രം പത്രമാധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. 

ഈ സാഹചര്യത്തിൽ ഇരുമ്പ–കാച്ചാണി റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കണമെന്ന എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാർ 2.65 കോടി രൂപ അനുവദിച്ചിരുന്നു. ജി.കാർത്തികേയൻ സ്പീക്കർ ആയിരിക്കെ അരുവിക്കര പഞ്ചായത്തിലെ ആറു റോഡുകൾ 20 കോടി രൂപ മുടക്കി ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ചിരുന്നു. 

ഇതിൽ ഉൾപ്പെടാത്ത ഏക റോഡായിരുന്നു ഇത്. ഈ റോഡു കൂടി ആധുനിക രീതിയിൽ നവീകരിക്കണമെന്നുള്ള തന്റെ അഭ്യർഥനയും സമ്മർദവും മാനിച്ചായിരുന്നു അന്ന് 2.5 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ റോഡിനു കഴിഞ്ഞ സർക്കാർ തുക അനുവദിച്ചത്. ബിറ്റുമിൻ മെക്കാർഡം ബിറ്റുമിൻ കോൺക്രീറ്റ് (ബിഎം ആൻഡ് ബിസി) നിലവാരത്തിലാണ് ഇപ്പോൾ റോഡ് നവീകരിക്കുന്നത്. 

ഈ റോ‍ഡിൽ ആവശ്യത്തിന് ഓടയും വെള്ളക്കെട്ട് വരുന്ന ഭാഗങ്ങളിലെ ഉപരിതലം മാറ്റി അവിടെ വെറ്റ്മിക്സ് ഇട്ടു ബലപ്പെടുത്തിയാണ് പണി നടത്തുകയെന്ന് എംഎൽഎ അറിയിച്ചു. ഓടകളും സംരക്ഷണ ഭിത്തികളും നിർമിക്കേണ്ട സ്ഥലങ്ങളും റോഡിന്റെ വീതിയെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങളുടെ ലെവലിങ് സർവേ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പൂർത്തിയായി. ഓടയും സംരക്ഷണ ഭിത്തികളുടെ നിർമാണവും പൂർത്തിയായ ശേഷമായിരിക്കും ടാറിങ് ആരംഭിക്കുന്നതെന്നും എംഎൽഎ അറിയിച്ചു.


Post a Comment

0 Comments