Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെള്ളമില്ലാതെ നെട്ടോട്ടമോടുന്ന നഗരവാസികൾക്ക് ഇരുട്ടടിയായി ഇന്നലെ അമ്പലമുക്കിലെ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി

അമ്പലമുക്ക്: വെള്ളമില്ലാതെ നെട്ടോട്ടമോടുന്ന നഗരവാസികൾക്ക് ഇരുട്ടടിയായി ഇന്നലെ അമ്പലമുക്കിലെ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി. പേരൂർക്കടയിൽ നിന്ന് അമ്പലമുക്ക് വഴി മെ‍ഡിക്കൽ കോളജ് കേശവദാസപുരം ഭാഗങ്ങളിലേയ്ക്കു വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. വ്യാഴം പുലർച്ചെ ഒന്നോടെയാണു വെള്ളത്തിന്റെ മർദം താങ്ങാനാകാതെ അരനൂറ്റാണ്ട് പഴക്കമുള്ള 400 എംഎം പ്രിമോ പൈപ്പ് ചിന്നി ചിതറിയത്. ഏകദേശം ഒരു മീറ്റർ നീളത്തിലാണു പൈപ്പ് പൊട്ടിയത്. കാലപ്പഴക്കമാണു പൈപ്പ് പൊട്ടാൻ കാരണമായതെന്ന് അതോറിറ്റി അധികൃതർ പറയുന്നു.

ആറ്റുകാൽ പൊങ്കാല ദിനത്തോടനുബന്ധിച്ചു പൈപ്പ് പൊട്ടിയതു നഗരവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ടെന്നും പണി പൂർത്തിയാകുന്നതനുസരിച്ചു രാത്രി തന്നെ ലൈൻ റീചാർജ് ചെയ്യുമെന്നും ഇന്നുമുതൽ ജലവിതരണം സുഗമമാകുമെന്നും അതോറിറ്റി അധികൃതർ അറിയിച്ചു.

പൈപ്പ് പൊട്ടിയതോടെ അതോറിറ്റി ഇന്നലെ പുലർച്ചെ രണ്ടോടെ വാൽവ് അടച്ച് അറ്റുകുറ്റപണി ആരംഭിച്ചിരുന്നു. ഇതോടെ അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, എൽഐസി ലെയിൻ, ചാലക്കുഴി, ഉള്ളൂർ, എൻസിസി ലെയിൻ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചു. മെഡിക്കൽ കോളജിൽ വെള്ളമെത്തിക്കുന്നതു വേറെ ലൈനിൽ നിന്നായതിനാൽ ഇവിടെ വെള്ളം ലഭിക്കാൻ പ്രശ്നമുണ്ടായില്ലെന്ന് അതോറിറ്റി അധികൃതർ പറഞ്ഞു. 

റോഡിനു മധ്യഭാഗത്തുള്ള പൈപ്പായതിനാൽ തിരക്കേറിയ അമ്പലമുക്ക് ജംക്‌ഷനിൽ നിന്നും എൻസിസി റോഡിലേക്കും കുറവൻകോണത്തേക്കുമുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. രാവിലെ ഇതുവഴിയെത്തിയ സ്കൂൾ വാഹനങ്ങളടക്കമുള്ളവ വഴി തിരിച്ചുവിട്ടു. മൂന്നുവർഷം മുൻപ് റോഡിന്റെ പരിതാപകരമായ അവസ്ഥയെ തുടർന്ന് 25 ലക്ഷം രൂപ മുടക്കി ഇന്റർലോക്ക് ചെയ്ത റോഡിന്റെ 50 മീറ്ററോളം ഭാഗത്തെ ടൈലുകൾ ജെസിബി ഉപയോഗിച്ച് പൊളിച്ചാണു പണി ചെയ്തത്. 



Post a Comment

0 Comments