വിതുര: അനുമതിയില്ലാതെ അഗസ്ത്യാർകൂടത്തിലേക്കു സന്ദർശനം നടത്തിയ 12 അംഗ സംഘം അറസ്റ്റിൽ. ഇവർക്കെതിരെ വനം– വന്യജീവി വകുപ്പ് അധികൃതർ വനസംരക്ഷണ നിയമപ്രകാരം കേസെടുത്തു. കോട്ടൂർ വില്ലുചാരി തടത്തരികത്തുവീട്ടിൽ ടേൺ തങ്കൻ എന്നു വിളിക്കുന്ന തങ്കൻ നാടാരുടെ(77) നേതൃത്വത്തിലാണു സംഘം വെള്ളിയാഴ്ചയോടെ അഗസ്ത്യാർകൂടത്തിലേക്കു പുറപ്പെട്ടത്. അറസ്റ്റിലായ മറ്റുള്ളവർ വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. കോട്ടൂരിൽനിന്നു ചോനാംപാറ ബസിൽ കയറി അവിടെയിറങ്ങിയശേഷം കാൽനടയായി കാട്ടുവഴികളിലൂടെ അഗസ്ത്യാർകൂട സന്ദർശനം നടത്തിയിട്ടു ശനിയാഴ്ച വൈകിട്ടോടെ തിരിച്ചിറങ്ങവെ കോട്ടൂർ വനമേഖലയിലെ എറുമ്പിയാട് ഭാഗത്തുവച്ചാണു സംഘം വനപാലകസംഘത്തിന്റെ പിടിയിലായത്.
വിഴിഞ്ഞം മുല്ലൂർ കൊരണ്ടിവിള വീട്ടിൽ സി.രാജൻ(60), ലക്ഷ്മിഭവനിൽ എസ്.അജി, ദിനേഷ് ഭവനിൽ കെ.ദിവാകരൻ(62), നെല്ലിക്കുന്ന് കിഴക്കരികത്തു വീട്ടിൽ എസ്.ശ്രീജിത്ത്(23), കടക്കളം വിരാലിവിള വടക്കരികത്തു വീട്ടിൽ ആർ.മനോഹരൻ(61), എം.വിനോദ്(32), കിടാരിക്കുഴി സുദേവ സദനത്തിൽ എ.സുധാകരൻ(74), കോട്ടുകാൽ പയറ്റുവിള തേരിവിള പുത്തൻവീട്ടിൽ എസ്.പ്രശാന്ത്(28), മാഞ്ഞോട്ടുകോണം ചാരുവിള വീട്ടിൽ റിജു(36), കട്ടച്ചക്കുഴി നന്നൻകുഴി ചരുവിള പുത്തൻവീട്ടിൽ ചന്ദ്രൻ(52), വെങ്ങാനൂർ ഉച്ചക്കട അമരിവിള കിഴക്കുംകര പുത്തൻവീട്ടിൽ സി.ലാലു(25) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
പേപ്പാറ അസിസ്റ്റന്റ് വൈൽഡ്‌ലൈഫ് വാർഡൻ എ.നൗഷാദിന്റെ നേതൃത്വത്തിൽ അതിരുമല സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്.സജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എ.മുരളി, എസ്.സജു, ആർ.വിനിത, ഫോറസ്റ്റ് വാച്ചർമാരായ എസ്.അജയൻ, എ.വിൻസന്റ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. അഗസ്ത്യാർകൂടത്തിലേക്കു സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ടു കോട്ടൂർ മേഖലയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചെന്ന് അസിസ്റ്റന്റ് വൈൽഡ്‌ലൈഫ് വാർഡൻ പറഞ്ഞു. ഇത്തരം ഏജന്റുമാരെയും അനധികൃതമായി കടന്നുകയറുന്നവരെയും പിടികൂടാൻ പ്രത്യേക സ്ക്വാഡിന് അധികൃതർ രൂപം നൽകി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.