തിരുവനന്തപുരം: രൂപരേഖ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഏഴ് ആഴ്ച ശേഷിക്കെ, തലസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട് സിറ്റി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കു തുടക്കം. നഗരത്തിന്റെ മൊത്തത്തിലുള്ള വികസനം ലക്ഷ്യമിടുന്ന പാൻ സിറ്റി മാതൃക നടപ്പാക്കാൻ കോർപറേഷൻ ഏറെക്കുറേ തീരുമാനിച്ചു. ഇതിനു പുറമേ നഗര വികസനം, നഗര നവീകരണം, ഹരിത വികസനം എന്നീ മാതൃകകൾ ഏതൊക്കെ വാർഡുകളിൽ നടപ്പാക്കണമെന്നു കണ്ടെത്തുന്നതിനു പൊതുജനാഭിപ്രായം തേടുകയാണ് കോർപറേഷൻ.
സ്മാർട്ട് സിറ്റി രൂപരേഖ തയാറാക്കാനായി നിയോഗിച്ചിട്ടുള്ള കർണാടക ആസ്ഥാനമായ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ, വികസന മാതൃകകൾ നടപ്പാക്കാനായി നഗരത്തെ 12 മേഖലകളായി തിരിച്ചു. കോർപറേഷൻ തലത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക സമിതി അതിൽ നിന്ന് ഏഴു മേഖലകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ പോലുള്ള സമസ്യകളെ അതിജീവിച്ചു പദ്ധതി നടപ്പാക്കാൻ ഇവയിൽ നിന്നു മൂന്നെണ്ണം തിരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് കോർപറേഷൻ ജനങ്ങളുടെ അഭിപ്രായം തേടുന്നത്.
∙ തിരഞ്ഞെടുപ്പ് രീതി
വോട്ടെടുപ്പ് മാതൃകയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉൾപ്പെടുത്തിയാണ് ആദ്യ തിരഞ്ഞെടുപ്പ് കോർപറേഷൻ നടത്തുന്നത്. ഇതിനകം സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട ഒരു നഗരവും ഇത്തരത്തിൽ വ്യത്യസ്തമായ വോട്ടിങ് രീതി നടത്തിയിട്ടില്ലെന്ന് മേയർ വി.കെ.പ്രശാന്ത് പറഞ്ഞു.തിരഞ്ഞെടുപ്പിനായി 50 വീതം ഇലക്രേ്ടാണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഈ മാസം 11ന് ആണു വോട്ടെടുപ്പ്. ഏഴ് മേഖലകളുടെ പേരുകൾ വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്തും. വികസന മാതൃക നടപ്പാക്കേണ്ട മേഖലയുടെ നേർക്കുള്ള ബട്ടൺ അമർത്തി ജനങ്ങൾക്കു വോട്ട് രേഖപ്പെടുത്താം. ഇത്തരത്തിൽ, കൂടുതൽ വോട്ട് ലഭിക്കുന്ന മൂന്നു മേഖലകളെയായിരിക്കും വികസന മാതൃകകൾ നടപ്പാക്കാനായി കോർപറേഷൻ തിരഞ്ഞെടുക്കുക.
രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ ജനങ്ങൾക്കു നിശ്ചിത കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്താം. വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ വിവരങ്ങളും സമയവും കോർപറേഷൻ പിന്നീട് അറിയിക്കും. തിരഞ്ഞെടുക്കുന്ന മേഖലകൾക്ക് അനുയോജ്യമായ വികസന മാതൃക കണ്ടെത്തുന്നതാണു മൂന്നാം ഘട്ടം.ഇലക്രേ്ടാണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടിങ്ങിനു പുറമേ മറ്റ് അഞ്ചു രീതികളിലും തിരഞ്ഞെടുപ്പ് നടത്തും. വിദ്യാർഥികളിൽ നിന്നും വിവിധ ഓഫിസ് കോംപ്ലക്സുകളിലും ബാലറ്റ് ബോക്സ് സജ്ജീകരിച്ചു നടത്തുന്ന വോട്ടിങ് ആണു രണ്ടാമത്തേത്. വെള്ളിയാഴ്ച ബാലറ്റ് പെട്ടികൾ വിദ്യാലയങ്ങളിലും ഓഫിസ് കോംപ്ലക്സുകളിലും സജ്ജീകരിക്കും. എസ്എംഎസ്, ഓൺലൈൻ, വാട്സ് ആപ്, ഫെയ്സ് ബുക്, മൊബൈൽ ആപ്പ് എന്നിവയാണ് മറ്റു വോട്ടിങ് സംവിധാനങ്ങൾ.
www.tvmcity.in www.facebook.com/smarttrivandrum/ twitter.com/smarttrivandrum www.instagram.com/smarttrivandrum/ എന്നിവയാണ് ഓൺലൈൻ സംവിധാനങ്ങൾ. വാട്സ് ആപ് നമ്പർ: 82814 98001.
∙ ഇതോടൊപ്പം പാൻസിറ്റി ഡവലപ്മെന്റിന്റെ ഭാഗമായി നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖയും കോർപറേഷൻ തയാറാക്കി. ജലവിഭവം, ശുചിത്വം, സുരക്ഷ, ആരോഗ്യം, ഗാർഹികം, ഖരമാലിന്യ സംസ്ക്കരണം, ഗതാഗതം, സമ്പത്തികം എന്നിവയിൽ ഏതെങ്കിലും ഒന്നായിരിക്കും നഗരം മൊത്തത്തിലുള്ള വികസനത്തിനായി നടപ്പാക്കുന്നത്. അടുത്തമാസം 31 ആണ് രൂപരേഖ കേന്ദ്രത്തിനു സമർപ്പിക്കാനുള്ള അവസാന തീയതി.
വികസന മാതൃകകൾ : ഏഴു മേഖലകളും വാർഡുകളും ഇവയാണ്
1. കഴക്കൂട്ടം ഏരിയ: കഴക്കൂട്ടം, ശ്രീകാര്യം, കുളത്തൂർ, പൗണ്ടുകടവ്, പള്ളിത്തുറ. അധിക വാർഡ്-കുളത്തൂർ.
2. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് ഏരിയ: തൈക്കാട്, വലിയശാല, ചാല, തമ്പാനൂർ, ഫോർട്ട്. അധിക വാർഡുകൾ-പാളയം വഴുതക്കാട്.
3. ബൈപാസ് ഹെറിറ്റേജ് സെൻട്രൽ കോറിഡോർ: വെള്ളാർ, തിരുവല്ലം, പുത്തൻപള്ളി, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, മുട്ടത്തറ, ശ്രീവരാഹം, പെരുന്താന്നി, ചാക്ക, കരിക്കകം, കടകംപള്ളി, കുളത്തൂർ, ആറ്റിപ്ര, പൗണ്ടുകടവ്, പള്ളിത്തുറ. അധിക വാർഡുകൾ- കഴക്കൂട്ടം, ഹാർബർ, അമ്പലത്തറ, മാണിക്യവിളാകം, വള്ളക്കടവ്.
4. ആക്കുളം വേളി ഏരിയ: ശംഖുമുഖം, കരിക്കകം, അണമുഖം, ആക്കുളം, കുളത്തൂർ, പൗണ്ട്കടവ്.
5. വിഴിഞ്ഞം ഏരിയ: വെങ്ങാനൂർ, മുല്ലൂർ, കോട്ടപ്പുറം, വിഴിഞ്ഞം.
6. മെഡിക്കൽ കോളജ്, ജനറൽ ഹോസ്പിറ്റൽ ഏരിയ: മെഡിക്കൽ കോളജ്, പട്ടം, കണ്ണമ്മൂല.
7. ഒൗട്ടർഏരിയ ഗ്രോത്ത് കോറിഡോർ: ചന്തവിള, കാട്ടായിക്കോണം, പൗഡിക്കോണം, ഞണ്ടൂർക്കോണം, മണ്ണന്തല, നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, കൊടുങ്ങാന്നൂർ, പൂങ്കുളം.
ഇവയ്ക്ക് പുറമേ ശ്രീകാര്യം, ആറ്റുകാൽ, നേമം, തിരുവല്ലം, പാർവതീ പുത്തനാർ ഉൾപ്പെടുത്തി വാട്ടർ വേയ്സ് ഏരിയ എന്നിവ കൺസൽറ്റൻസി ഏജൻസി ശുപാർശ ചെയ്തിരുന്നെങ്കിലും ഏഴെണ്ണം പരിഗണിച്ചാൽ മതിയെന്നു സാങ്കേതിക സമിതി തീരുമാനിക്കുകയായിരുന്നു.നഗര വികസനത്തിനായി കുറഞ്ഞത് 500 ഏക്കർ സ്ഥലവും നഗര നവീകരണത്തിനു കുറഞ്ഞത് 50 ഏക്കർ സ്ഥലവും ഹരിത വികസനത്തിന് കുറഞ്ഞത് 250 ഏക്കർ സ്ഥലവുമാണ് ആവശ്യം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.