കോവളം: കോവളം തീരത്ത് കടലിന്നടിയിലെ വാലന്റൈൻ ദിനാഘോഷം വേറിട്ടതായി. ആറു നവദമ്പതികളാണ് കടലിന്നടിയിലെ ആഴങ്ങളിൽ മുങ്ങി പ്രണയാശംസകൾക്കൊപ്പം പ്രകൃതി സംരക്ഷണ സന്ദേശവും കൈമാറിയത്. പ്രണയസന്ദേശങ്ങൾ കൈമാറലിലൊതുങ്ങാതെ പരിസ്ഥിതിസംരക്ഷണ സന്ദേശം പുതുതലമുറക്കുൾപ്പെടെ കൈമാറുകയും ചെയ്തുകൊണ്ടാണ് ദിനാഘോഷം വ്യത്യസ്തമാക്കിയത്. കോവളത്തെ ബോണ്ട് സഫാരി നേതൃത്വത്തിൽ വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ സ്കൂബാ ഡൈവിങിലൂടെയായിരുന്നു രാജ്യത്തു തന്നെ ഇതാദ്യമെന്നവകാശപ്പെട്ടുകൊണ്ടുള്ള വ്യത്യസ്ത വാലന്റൈൻദിനാഘോഷം. കരയെപ്പോലെയോ അതിനേക്കാളേറെയോ വലിയ അളവിൽ പ്ലാസ്റ്റിക്ക് നിക്ഷേപത്താൽ മലിനവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കടലിന്നടിത്തട്ടിലെ അവസ്ഥയെക്കുറിച്ചുള്ള നേർക്കാഴ്ചയിലും മാലിന്യനിർമാർജന സേവനത്തിലും പ്രണയിക്കുന്നവർ പങ്കാളികളായി.
ബോണ്ട് സഫാരിയിലെ മുങ്ങൽ വിദഗ്ധർ കരയിലെത്തിച്ച കടലിന്നടിയിലെ പ്ലാസ്റ്റിക് മാലിന്യം സന്നദ്ധസംഘടനകളിൽ നിന്നുള്ള വിദ്യാർഥികളുടെ സഹകരണത്തോടെ തരംതിരിച്ചു സംസ്ക്കരിക്കാൻ പാകത്തിലാക്കി. പ്ലാസ്റ്റിക് മാലിന്യം ജലജീവികളുടെ നിലനിൽപ്പിനും ആവാസവ്യവസ്ഥക്കും വരെ ഭീഷണി ഉയർത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ബോധവൽക്കരണ പരിപാടിക്കു തുടക്കമിട്ടതെന്ന് ബോണ്ട് സഫാരി സംരഭകൻ ജാക്സൺ പീറ്റർ പറഞ്ഞു.പരിപാടിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ബോണ്ട് സഫാരി കൂടാതെ സർഫ് ക്ലബ്, സെബാസ്റ്റ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ പ്രോജക്ടസ്, ഓസ്ട്രേലിയിൽ നിന്നുള്ള പോസിറ്റീവ് ചെയ്ഞ്ച് ഫോർ മറൈൻ ലൈഫ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.