Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി37 കുതിച്ചുയർന്നു; ഇതു ചരിത്രം

രാജ്യാന്തര ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതി ഇന്ത്യ. ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള വിക്ഷേപണം വിജയിച്ചു. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങളിലെത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു.

വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവി–സി 37 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. പിഎസ്എൽവി–സി 37 ന്റെ 39–ാം ദൗത്യമാണിത്. മുൻകൂട്ടി തീരുമാനിച്ചിരുന്നതുപോലെ രാവിലെ 9.28ന് 104 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി–സി 37, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയർന്നു.

ഇതോടെ, ഒറ്റയടിക്ക് ഏറ്റവും കൂടുതൽ ഉപഗ്രങ്ങൾ വിക്ഷേപിച്ച രാജ്യമെന്ന റെക്കോർഡും ഇന്ത്യയ്ക്കു സ്വന്തം. മുൻപ് റഷ്യൻ ബഹിരാകാശ ഏജൻസി ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതാണ് നിലവിലുള്ള റെക്കോർഡ്. കഴിഞ്ഞ വർഷം 20 ഉപഗ്രങ്ങൾ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമെ രണ്ടു ഓർബിറ്റിൽ ഉപഗ്രഹങ്ങൾ എത്തിക്കുന്നതിലും ഐഎസ്ആർഒ വിജയിച്ചു. ചരിത്രദൗത്യത്തിൽ വിജയം നേടിയ ഐഎസ്ആർഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തിനും രാജ്യത്തിന് മുഴുവനും അഭിമാനാർഹമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ചരിത്രനേട്ടത്തിന് കാരണക്കാരായ ശാസ്ത്രജ്ഞരെ രാജ്യം വന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. 

യുഎസ്, ഇസ്രയേൽ, കസഖ്സ്ഥാൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ വിദേശരാജ്യങ്ങളുടെ ഉപഗ്രങ്ങളാണ് വിക്ഷേപിച്ചത്. ഇതിൽ 96 എണ്ണം യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്. വിക്ഷേപിച്ച എല്ലാ ഉപഗ്രഹങ്ങളുടെയുംകൂടി ഭാരം 1378 കിലോഗ്രാം വരും. ഇതിൽ പ്രധാനം 714 കിലോ വരുന്ന കാർടോസാറ്റ് 2 ആണ്.

83 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കൂടുതൽ രാജ്യങ്ങൾ സമീപിച്ചതോടെ എണ്ണം 100 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങൾ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഇതിൽ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നായിരുന്നു. അമേരിക്ക (18), കാനഡ (11), സിംഗപ്പൂർ, ജർമ്മനി (8), യുകെ (6) എന്നിങ്ങനെ പോകുന്നു കണക്ക്. ഏറ്റവും കുറഞ്ഞ നിരക്കിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ഏജൻസിയും ഐഎസ്ആർഒ ആണ്.

ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് വന്നുകൊണ്ടിരിക്കുന്നത്. 2015 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 205 ശതമാനം അധികവരുമാനമാണ് ഐഎസ്ആർഒ നേടിയത്. 2014–15 വർഷത്തിൽ 415.4 കോടി രൂപയാണ് ഐഎസ്ആർഒ നേടിയത്. 2013–14 ൽ ഇത് 136 കോടി രൂപയായിരുന്നു.




Post a Comment

0 Comments