നെടുമങ്ങാട്: ചുള്ളിമാനൂർ എസ്എച്ച് യുപിഎസിന്റെ നേതൃത്വത്തിൽ ആനാട് ഗ്രാമ പഞ്ചായത്തിലെ ചുള്ളിമാനൂർ വാർഡിനെ സമ്പൂർണ ഹരിതശുചിത്വ വാർഡാക്കി മാറ്റാനുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 25 മുതൽ വാർഡിൽ സർവേ ആരംഭിക്കും. സർവേയിൽ കണ്ടെത്തിയ വീട്ടുകാരെ ബോധവൽക്കരിക്കുന്നതിന് ഏപ്രിലിൽ ഗ്രാമയാത്ര നടത്തും. ജൂൺ അഞ്ച് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചുള്ളിമാനൂർ വാർഡിനെ സമ്പൂർണ ഹരിത ശുചിത്വ വാർഡായി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്എച്ച്‍യുപിഎസ് നാലു പദ്ധതികൾ ഇതിനകം ആരംഭിച്ചു.
എൽപി തലത്തിൽ മഴവില്ല്, വർണങ്ങൾ, യുപി തലത്തിൽ വിബ്ജിയോർ, രക്ഷിതാക്കൾക്കു വേണ്ടി അയൽപക്ക പിടിഎ, പൊതു സമൂഹത്തിനു വേണ്ടി ഹരിത ശുചിത്വ ഗ്രാമമാക്കൽ എന്നിവയാണ് ആരംഭിച്ചിരിക്കുന്നത്. ഈ സ്കൂളിന്റെ തനത് പ്രവർത്തന ഫലമായി ഈ അധ്യായന വർഷത്തിൽ തന്നെ സ്കൂളിനെ ഹരിത ശുചിത്വ വിദ്യാലയമാക്കി മാറ്റാൻ തങ്ങൾക്കു കഴിഞ്ഞുവെന്നു സ്കൂൾ അധികൃതർ അറിയിച്ചു. മാത്രമല്ല സ്കൂളിന്റെ തനത് പ്രവർത്തന പദ്ധതിയുടെ തുടർ പരിപാടിയെന്ന നിലയിലാണ് ഈ സ്കൂൾ ഇരിക്കുന്ന ചുള്ളിമാനൂർ വാർഡിനെ ഹരിത ശുചിത്വ ഗ്രാമമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.