ആര്യനാട്: സലാലയിൽ കുത്തേറ്റുമരിച്ച ആര്യനാട് മീനാങ്കൽ സിന്ധുഭവനിൽ കുമാരി സിന്ധു(42)വിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സഹായത്തിനായി ഇന്നു രാവിലെ സിന്ധുവിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഇതിനു ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഇപ്പോൾ മസ്കത്തിലെ ഒരു ആശുപത്രി മോർച്ചറിയിലാണ്. സലാലയിലെ ഹോട്ടലിൽ ഏരിയ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സിന്ധുവിനെ താമസസ്ഥലത്തു കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തിയതു വെള്ളിയാഴ്ചയായിരുന്നു.
മോഷണം ചെറുത്തപ്പോഴാകാം കുത്തേറ്റതെന്നാണു റോയൽ ഒമാൻ പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് യെമൻ സ്വദേശിയായ ആളെ പൊലീസ് പിടികൂടി പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്. നാല് വർഷം മുൻപാണു സിന്ധു ഹോട്ടലിൽ ജോലിക്കു കയറിയത്. എട്ടു മാസം മുൻപ് അവധിക്കു വന്ന് ഒരുമാസത്തോളം ഇവിടെ താമസിച്ച ശേഷം മടങ്ങിയിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഏക മകൻ രാഹുൽ പഠനത്തിനു ശേഷം ജോലിക്കായുള്ള അന്വേഷണത്തിലാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.